പ്രശസ്തകവി ജയന്ത മഹാപത്രക്ക് വിട
text_fieldsജയന്ത മഹാപാത്ര
ഭുവനേശ്വർ: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് കവി ജയന്ത മഹാപത്ര (95) അന്തരിച്ചു. ന്യുമോണിയയും വാർധക്യസഹജമായ അസുഖങ്ങളുംമൂലം ഒഡിഷ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധു അറിയിച്ചു. മഹാപത്രയുടെ അന്ത്യകർമങ്ങൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച നടക്കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
ഇംഗ്ലീഷ് കവിതക്ക് സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ കവിയാണ് മഹാപത്ര. സമകാലിക കവികളെ അപേക്ഷിച്ച് വളരെ വൈകിയാണ് ജയന്ത മഹാപത്ര കവിതകൾ എഴുതിത്തുടങ്ങിയത്. ഭാഷാസമ്പത്തും സാഹിത്യ നൈപുണ്യവും അനുഭവങ്ങളുടെ ചിട്ടപ്പെടുത്തലുകളും അദ്ദേഹത്തിന്റെ കവിതകളെ ഹൃദയസ്പര്‍ശിയാക്കി. 1981ല്‍ മഹാപത്രയുടെ ‘റിലേഷന്‍ഷിപ്പ്’ എന്ന ഇംഗ്ലീഷ് കവിതക്കാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 2009ല്‍ പത്മശ്രീ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍, രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും വർഗീയതയിലും പ്രതിഷേധിച്ച് 2015ല്‍ അദ്ദേഹം പുരസ്കാരം മടക്കിനല്‍കി.
മഹാപത്രയുടെ ജനപ്രിയ കവിതകളായ ‘ഇന്ത്യന്‍ സമ്മര്‍’, ‘ഹംഗര്‍’ എന്നിവ ആധുനിക ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കുകളായാണ് കണക്കാക്കുന്നത്. 1928 ഒക്ടോബര്‍ 22ന് കട്ടക്കില്‍ ജനിച്ച മഹാപത്ര പട്ന സർവകലാശാലയിൽനിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1949ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒഡിഷയിലെ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ലാണ് ജോലിയിൽനിന്ന് വിരമിച്ചത്. 50 വർഷത്തെ കാവ്യജീവിതത്തിനിടയിൽ 27 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ഏഴെണ്ണം ഒഡിയയിലും ബാക്കി ഇംഗ്ലീഷിലുമാണ്. ഇംഗ്ലീഷിലും ഒഡിയയിലും ഒരുപോലെ പ്രതിഭാധനനായ കവിയായിരുന്നു മഹാപത്രയെന്ന് നവീൻ പട്നായിക് അനുശോചിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.