ജനങ്ങള്‍ പണത്തിനായി അക്രമാസക്തരാകുന്നു; കലാപമുണ്ടായേക്കും –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ജനങ്ങള്‍ പണത്തിനായി അക്രമാസക്തരാകുന്നുണ്ടെന്നും കറന്‍സി നിരോധനം രാജ്യത്ത് കലാപത്തിന് വഴിവെച്ചേക്കുമെന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കറന്‍സി നിരോധനത്തിനെതിരെ രാജ്യത്തെ വിവിധ ഹൈകോടതികളിലുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാറിന്‍െറ ആവശ്യം തള്ളിയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ചിന്‍െറ മുന്നറിയിപ്പ്.
ഒരാഴ്ചക്കിടയില്‍ ഇത് രണ്ടാംതവണയാണ് കറന്‍സി നിരോധനമുണ്ടാക്കിയ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാറിനെ സുപ്രീംകോടതി പ്രതിരോധത്തിലാക്കുന്നത്. മണിക്കൂറുകളോളം ക്യൂവില്‍നിന്ന് പണത്തിനായി ജനങ്ങള്‍ അക്രമാസക്തരാകാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാറിനെ ബെഞ്ച് ഓര്‍മിപ്പിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ഹൈകോടതികളില്‍ കേസുകള്‍ വരാന്‍ തുടങ്ങിയത് പ്രശ്നം ഗുരുതരമാണെന്നും വലിയതോതിലുള്ളതാണെന്നുമാണ് കാണിക്കുന്നത്.
ആശ്വാസം ലഭിക്കാനാണ് അവര്‍ കോടതികളില്‍ പോകുന്നത്. ജനങ്ങള്‍ക്ക് മുമ്പാകെ കോടതിയുടെ വാതിലുകള്‍ കൊട്ടിയടക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഏറിപ്പോയാല്‍ ഹൈകോടതികളിലെ കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ അതാലോചിക്കാം. വളരെ ഗുരുതരമായ വിഷയമാണിത്. ജനങ്ങളെ ഇത് ബാധിച്ചിരിക്കുന്നു. അവര്‍ അക്രമാസക്തരായി തുടങ്ങിയിരിക്കുന്നു. അതിനാല്‍ കലാപമുണ്ടായേക്കാം -കോടതിയുടെ ഈ പ്രസ്താവന തെറ്റാണെന്നും ജനങ്ങള്‍ ക്ഷമാപൂര്‍വം ക്യൂവില്‍ നില്‍ക്കുകയാണെന്നും അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി പ്രതികരിച്ചപ്പോള്‍ ‘‘അല്ല, ആളുകള്‍ പ്രയാസപ്പെടുന്നുണ്ട്, അക്കാര്യത്തില്‍ താങ്കള്‍ തര്‍ക്കിക്കേണ്ട’’ എന്ന് ചീഫ് ജസ്റ്റിസ് തിരിച്ചടിച്ചു.
പഴയ നോട്ടുകള്‍ മാറ്റി പുതിയതാക്കാനുള്ള പരിധി 4500ല്‍നിന്ന് 2000 ആക്കി കുറക്കേണ്ട കാര്യമെന്താണ്? ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അവരെ പിഴിയുകയാണോ ചെയ്യുന്നത്? നിങ്ങളുടെ പക്കല്‍ മതിയായ നോട്ടുകളില്ളേ? നോട്ട് അച്ചടിക്കുന്നതില്‍ പ്രയാസമുണ്ടോ എന്നും കോടതി ചോദിച്ചു. ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വാര്‍ത്തകളില്‍നിന്ന് നാം അറിയുന്നുണ്ട്. പൊതുജനം ബുദ്ധിമുട്ടുകയാണ്. അതിനാല്‍ ദയവുചെയ്ത് തര്‍ക്കിക്കരുതെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയോട് സുപ്രീംകോടതി പറഞ്ഞു.
ഈ സമയം നവംബര്‍ എട്ടിനുശേഷം പണം കിട്ടാതെ 47 പേര്‍ മരിച്ചുവെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ബോധിപ്പിച്ചു. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ആശങ്കയില്ളെങ്കില്‍ ദിവസംതോറും മണിക്കൂര്‍ ഇടവിട്ട് വിജ്ഞാപനമിറക്കുമോയെന്ന് എ.ജി തിരിച്ചു ചോദിച്ചു. വരിയുടെ വലുപ്പം നാള്‍ക്കുനാള്‍ കുറഞ്ഞുവരുകയാണെന്നും അദ്ദേഹം ബോധിപ്പിച്ചു. എങ്കില്‍, പണം കൊടുക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് ചീഫ് ജസ്റ്റിസ്. 100 രൂപ നോട്ടുകള്‍ അസാധുവാക്കിയിട്ടില്ലല്ളോ. എന്നിട്ടും 100 രൂപ നോട്ടുകളെന്തുകൊണ്ടു കിട്ടുന്നില്ളെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
100 രൂപ നോട്ടുകള്‍ക്ക് ക്ഷാമമുണ്ടെന്നും രാജ്യത്തെ കറന്‍സിയില്‍ 80 ശതമാനവും 500, 1000 രൂപ നോട്ടുകള്‍ ആയിരുന്നുവെന്നും റോത്തഗി സമ്മതിച്ചു. മെഴ്സിഡസ് ബെന്‍സുള്ളവന് തന്‍െറ കാര്‍ഡ് പെട്രോള്‍പമ്പില്‍ സൈ്വപ് ചെയ്യാമെന്നും എന്നാല്‍, രാജ്യത്തെ 80 കോടി ജനങ്ങളും 10,000 രൂപ മാസവരുമാനമില്ലാത്തവരാണെന്നും കപില്‍ സിബല്‍ വാദിച്ചു. 23 ലക്ഷം കോടി നോട്ടുകള്‍ അച്ചടിക്കാന്‍ ബാക്കിയാണെന്നും നിലവില്‍ ഒമ്പതുലക്ഷം കോടി കറന്‍സിയേ രാജ്യത്തുള്ളൂവെന്നും സിബല്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കൈക്കൊണ്ട നടപടികളും നേരിടുന്ന പ്രയാസങ്ങളും രേഖാമൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോടും ഹരജിക്കാരോടും സുപ്രീംകോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.