രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല -നരേന്ദ്രമോദി
text_fieldsമണാലി: രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ലെന്നെന്നും പ്രതിരോധ താൽപര്യങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെട്ട ഒരു ഘട്ടം രാജ്യം കണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചൽ പ്രദേശിലെ മണാലിയിൽ റോത്തംഗ് അടൽ തുരങ്കം രാജ്യത്തിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി.
'അതിർത്തിയിലെ വികസന പ്രവർത്തനത്തിന് സർക്കാർ അതീവ ശ്രദ്ദയാണ് ചെലുത്തുന്നുണ്ട്. ജമ്മു കശ്മീർ, ലഡാക്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം പദ്ധതികൾ പൂർത്തികരിച്ചുകഴിഞ്ഞതായും മോദി പറഞ്ഞു. ഈ പ്രദേശങ്ങളിൽ നിരവധി റോഡ്, പാലം, തുരങ്കം എന്നിവ പണി പൂർത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്നം മാത്രമല്ല തുരങ്കത്തിലൂടെ യാഥാർഥ്യമായത്, ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണെന്നും മോദി പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് അടൽ തുരങ്കം നിർമ്മിച്ചത്. 3,086 കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം കുറക്കുമെന്നതാണ് തുരങ്കത്തിന്‍റെ പ്രാധാന്യം. പത്തു വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ് 1000അടി ഉയരവും 9.2 കിലോമീറ്റർ നീളവുമുള്ള നീളമുള്ള റോത്തങ് തുരങ്കം.
ഹിമാചൽ പ്രദേശിലെ മണാലി- ലേ പാതകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ഹിമാലയൻ മലനിരകളെ തുരന്ന് നിർമിച്ച രാജ്യത്തിന്‍റെ അഭിമാന പദ്ധതിയായി കണക്കാക്കപ്പെടുന്ന തുരങ്കം പ്രധാനമന്ത്രി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ചീപ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, മുഖ്യമന്ത്രി ജയറാം താക്കൂർ തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.