ഡൽഹി മദ്യനയം: സി.ബി.ഐയുടെ തെളിവുകൾ പ്രകാരം സിസോദിയ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി, ജാമ്യം നിഷേധിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ സി.ബി.ഐ സമർപ്പിച്ച തെളിവുകൾ പ്രകാരം ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് ഡൽഹി സ്പെഷ്യൽ കോടതി. സിസോദിയക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
കുറ്റകരമായ ഗൂഢാലോചനയിൽ സജീവ പങ്കാളിത്തം ഉണ്ടെന്ന് മാത്രമല്ല, അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.
മനീഷ് സിസോദിയയുടെ അറസ്റ്റിൽ ഇടപെടാൻ തക്കായി ഒന്നുമില്ല. സുപ്രീംകോടതിയുടെയോ ഹൈകോടതികളുടെയോ ഉത്തരവുകളൊന്നും ഈ അറസ്റ്റിനെ തടയില്ല. എന്നാൽ സി.ബി.ഐ ഹാജരാക്കിയ തെളിവുകൾ അറസ്റ്റിനെ ന്യായീകരിക്കാൻ തക്കതാണെന്നും കോടതി വ്യക്തമാക്കി.
ഭാര്യയുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് ജാമ്യം വേണമെന്ന് അപേക്ഷകൻ ആവശ്യപ്പെടുന്നു. ഭാര്യ 20 വർഷമായി മാനസിക പ്രശ്നങ്ങൾ അനുഭവികുന്നുണ്ടെന്ന് അപേക്ഷകൻ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനെ പിന്തുണക്കാനായി സമർപ്പിച്ച രേഖകൾ 2022-23 വർഷത്തെതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈരേഖകൾ പ്രകാരം പ്രതിയുടെ ഭാര്യയുടെ ആരോഗ്യാവസ്ഥ പ്രതിക്ക് ജാമ്യം അനുവദിക്കാവുന്ന തരത്തിൽ ഗുരതരമല്ലെന്ന് വ്യക്തമാണ്. അതിനാൽ കേസിന്റെ ഇൗ ഘട്ടത്തിൽ അദ്ദേഹത്തെ ജാമ്യത്തിൽ വിടാനാകില്ല. അത് കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
ഡൽഹി സർക്കാരിന്റെ മദ്യ നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ചാണ് സി.ബി.ഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. മദ്യ ലോബികളിൽ നിന്ന് കൈക്കൂലി വാങ്ങി അവർക്കനുകൂലമായി നയം രൂപീകരിച്ചുവെന്നാണ് ആരോപണം. മദ്യ നയത്തിനെതിരെ രൂക്ഷ വിമർശനമുയർന്നതോടെ നിയം പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.