കെ.എം ജോസഫിെൻറ നിയമന ശിപാർശ പുനഃപരിശോധിക്കുന്നതിൽ തെറ്റില്ല- ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയം നിർദേശിച്ച കെ.എം ജോസഫിെൻറ നിയമന ശിപാർശ പുനഃപരിശോധിക്കണമെന്ന കേന്ദ്രനിർദേശത്തിൽ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കേന്ദ്രസർക്കാറിന് ശിപാർശ തിരിച്ചയക്കാൻ അധികാരമുണ്ടെന്നും അത് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ കെ.എം ജോസഫിെൻറ നിയമനം തടഞ്ഞതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ നൽകിയ ഹരജി പരിഗണിക്കവെയാണ് ഉത്തരവ് പുനഃപരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
അതേസമയം, ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജസ്റ്റിസായി നിയമിച്ചതിൽ സ്‌റ്റേ ഇല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിയമനം റദ്ദാക്കുകയെന്നത് ചിന്തിക്കാൻ പോലും ആകില്ലെന്നും ഇത്തരത്തിലൊരു കാര്യം കേട്ടുകേൾവിയില്ലെന്നും ഇന്ദു മല്‍ഹോത്രയുടെ നിയമനം മരവിപ്പിക്കണമെന്ന ഹരജി തള്ളികൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.നൂറോളം സുപ്രീംകോടതി അഭിഭാഷകരാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം മരവിപ്പിക്കണമെന്ന ഹരജിയുമായി കോടതിയെ സമീപിച്ചത്.
കെ.എം ജോസഫിെൻറ നിയമനം തടഞ്ഞത് സംബന്ധിച്ച് നിയമമന്ത്രി രവിശങ്കർ പ്രസാദ് ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസായ കെ.എം ജോസഫിനേക്കാൾ സീനിയോരിറ്റിയും യോഗ്യതയുമുള്ള 11 ഹൈകോടതി ജഡ്ജിമാരുണ്ടെന്ന് രവിശങ്കർ പ്രസാദ് കത്തിൽ വിശദീകരിക്കുന്നു. സീനിയോരിറ്റിയിൽ കെ.എം ജോസഫിന് 42ാം സ്ഥാനമാണുള്ളത്. കൂടാതെ സുപ്രീംകോടതിയിൽ ഏഴ് സംസ്ഥാനങ്ങൾക്ക് തീരെ പ്രാതിനിധ്യമില്ല. എന്നാൽ കേരളത്തിന് മതിയായ പ്രാതിനിധ്യമുണ്ടെന്നും രവിശങ്കർ പ്രസാദ് കത്തിൽ ചുണ്ടിക്കാട്ടുന്നു. സീനിയോരിറ്റിയും യോഗ്യതയും സംസ്ഥാനത്തിെൻറ പ്രാതിനിധ്യവുമാണ് പരിഗണിച്ചതെന്നും അദ്ദേഹം പറയുന്നു.
ജനുവരിയിലാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരങ്ങിയ കൊളീജിയം ഇന്ദു മൽഹോത്രയുടെയും കെ.എം ജോസഫിെൻറയും പേരുകൾ നിർദേശിച്ചത്. മാസങ്ങൾക്കു ശേഷം ഇന്ദു മൽഹോത്രയെ നിയമിച്ചെങ്കിലും സീനിയോരിറ്റി പ്രശ്നം ചൂണ്ടിക്കാട്ടി ജസ്റ്റിസ് കെ.എം ജോസഫിെൻറ നിയമനം കേന്ദ്രസർക്കാർ തടയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.