ബി.ജെ.പിയിൽ ചേരുന്നത് തെറ്റല്ല, പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ല -മുൻ തൃണമൂൽ എം.പി ദിനേശ് ത്രിവേദി
text_fieldsന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുന്നത് തെറ്റല്ലെന്ന പ്രതികരണവുമായി മുൻ റെയിൽവേ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന ദിനേശ് ത്രിവേദി. രാജ്യസഭ എം.പി സ്ഥാനം അപ്രതീക്ഷിതമായി രാജിവെച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
ബി.ജെ.പിയിൽ ചേരുന്നതിന് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തൃണമൂലിന്റെ പ്രധാനമുഖങ്ങളിലൊന്നായ ദിനേശ് ത്രിവേദിയുടെ രാജി ബംഗാളിനെയും തൃണമൂലിനെയും ഞെട്ടിച്ചിരുന്നു. രണ്ടുമാസമായി തൃണമൂലിൽനിന്ന് ബി.ജെ.പിയിലേക്കുള്ള നേതാക്കൻമാരുടെ ഒഴുക്ക് തുടരുേമ്പാൾ ദിനേശ് ത്രിവേദിയുടെ നീക്കം നിർണായകമാകും.
'ദിനേശ് ത്രിവേദിക്ക് ഒരിക്കലും ക്ഷണത്തിന്റെ ആവശ്യമില്ല. അവരെല്ലാവരും സുഹൃത്തുക്കളാണ്. അത് ഇപ്പോൾ മുതലല്ല. പ്രധാനമന്ത്രി നല്ല സുഹൃത്താണ്. അമിത് ഭായ് (അമിത് ഷാ) എല്ലാവരുടെയും നല്ലൊരു സുഹൃത്താണ്. എനിക്ക് നേരത്തേ തന്നെ പോകാമായിരുന്നു. അതിൽ തെറ്റായി ഒന്നുമില്ല. നാളെ ഞാൻ ബി.ജെ.പിയിൽ ചേർന്നാൽ, അതിൽ യാതൊരു തെറ്റുമില്ല' - ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളാതെ ദിേനശ് ത്രിവേദി എൻ.ഡി.ടി.വിയോട് പറഞ്ഞു.
പശ്ചിമ ബംഗാളിൽ ഇപ്പോൾ അരങ്ങേറുന്ന അക്രമസംഭവങ്ങൾ അവസാനിപ്പിക്കാൻ തനിക്കൊന്നും ചെയ്യാൻ കഴിയാത്തതിെൻറ നിരാശയിലാണ് രാജ്യസഭാംഗത്വം രാജി വെക്കുന്നതെന്ന് അദ്ദേഹം വെള്ളിയാഴ്ച സഭയിൽ പറഞ്ഞിരുന്നു. നേരത്തേ തന്നെ പാർട്ടി അധ്യക്ഷ മമത ബാനർജിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന ത്രിവേദിയുടെ രാജിതീരുമാനം നന്ദികേടാണെന്ന് പാർട്ടി പ്രതികരിച്ചു. അതേസമയം, അദ്ദേഹത്തെ അനുമോദിച്ച ബി.ജെ.പി, ത്രിവേദിയെ സ്വാഗതം െചയ്യുന്നതായും വ്യക്തമാക്കി.
മമത സർക്കാറിനെയും തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെയും വിമർശിച്ചായിരുന്നു ദിനേശ് ത്രിവേദിയുടെ രാജി. തെൻറ സംസ്ഥാനത്ത് അക്രമങ്ങൾ അവസാനിക്കാത്ത അവസ്ഥയാണെന്നും അത് തടയുന്നതിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇരിക്കുന്ന പദവിയിൽനിന്ന് ഇറങ്ങി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് വേണ്ടതെന്ന് ത്രിവേദി രാജിക്കാര്യം അറിയിച്ച് സഭയിൽ പറഞ്ഞിരുന്നു.
'എന്നെ ഇവിടേക്കയച്ച പാർട്ടിയോട് ഞാൻ നന്ദി പറയുന്നു. എന്നാൽ ഇപ്പോഴെനിക്ക് ശ്വാസം മുട്ടുകയാണ്. ബംഗാളിൽ നടക്കുന്ന കാര്യങ്ങളിൽ ഒന്നും ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. എഴുന്നേറ്റുനിന്ന്, ലക്ഷ്യത്തിലെത്തുംവരെ മുന്നോട്ടുനീങ്ങുകയെന്ന സ്വാമി വിവേകാനന്ദെൻറ വചനങ്ങളാണ് ഓർമ വരുന്നത്' -രാജി പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വിശദീകരിച്ചു.
രണ്ടു മാസത്തിലേറെയായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ത്രിവേദിയുടെ രാജി പ്രഖ്യാപനത്തിനു പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പാർട്ടിയെയും ജനവിശ്വാസത്തെയും ത്രിവേദി വഞ്ചിച്ചുെവന്ന് പാർട്ടി രാജ്യസഭ ഉപാധ്യക്ഷൻ സുഖേന്ദു ശേഖർ റോയ് പറഞ്ഞു.
തൃണമൂലിെൻറ അന്ത്യത്തിെൻറ ആരംഭമെന്നാണ് ബി.ജെ.പി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ഇതിനോട് പ്രതികരിച്ചത്. തൃണമൂൽ ശിഥിലമാവുകയെന്നത് സമയത്തിെൻറ മാത്രം പ്രശ്നമാണെന്നും ത്രിവേദിക്ക് തങ്ങൾക്കൊപ്പം ചേരാൻ ആഗ്രഹമുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നുെവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുവേന്ദു അധികാരിക്കും രജിബ് ബാനർജിക്കും ലക്ഷ്മി രത്തൻ ശുക്ലക്കും ശേഷം പാർട്ടി വിടുന്ന നാലാമത്തെ പ്രമുഖനാണ് ത്രിവേദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.