വാട്സ്ആപ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറുന്നതിനെതിരായ ഹരജിയില്‍ നോട്ടീസ്
text_fieldsന്യൂഡല്‍ഹി: ‘‘സ്വന്തം സ്വകാര്യത സംരക്ഷിക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ താങ്കള്‍ക്ക് വാട്സ്ആപില്‍നിന്ന് പുറത്തുപോകാമല്ളോ’’ എന്ന് ആദ്യം പ്രതികരിച്ച സുപ്രീംകോടതി പിന്നീട് വാട്സ്ആപ് വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു.
വാട്സ്ആപിലെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെക്കാന്‍ 2016ല്‍ കമ്പനി വരുത്തിയ നയംമാറ്റത്തിന് അംഗീകാരം നല്‍കിയ ഡല്‍ഹി ഹൈകോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നോട്ടീസ്. ഈ സ്വകാര്യ സേവനം ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന നിങ്ങള്‍ അതേസമയം തന്നെ സ്വന്തം സ്വകാര്യത സംരക്ഷിക്കണമെന്ന് പറയുന്നതാണ് തങ്ങളെ അസ്വസ്ഥമാക്കുന്നതെന്ന് ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്‍ പറഞ്ഞു.
എന്നാല്‍, ഈ നിലപാട് ചോദ്യം ചെയ്ത ഹരജിക്കാരുടെ അഭിഭാഷകന്‍ അഡ്വ. ഹരീഷ് സാല്‍വെ വാട്സ്ആപ് ടെലിഫോണ്‍പോലെ 155 ദശലക്ഷം ഉപയോക്താക്കളുള്ള ഒരു പൊതു സേവനമേഖലയായി വളര്‍ന്നിരിക്കുന്നുവെന്ന് വാദിച്ചു. എന്നാല്‍, ഈ വാദത്തെ എതിര്‍ത്ത ചീഫ് ജസ്റ്റിസ് ‘‘നിങ്ങള്‍ ടെലിഫോണിന് പണമടക്കുമ്പോള്‍ സ്വകാര്യത കിട്ടുന്നുണ്ടെന്നും ഇത് പണമടക്കാത്ത സ്വകാര്യസേവനമാണ്’’ എന്നും തിരിച്ചടിച്ചു. എന്നാല്‍, ഭരണഘടനയുടെ 19ാം അനുഛേദ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പൗരന്‍െറ സ്വകാര്യത സംരക്ഷിക്കണമെന്നായി ഹരീഷ് സാല്‍വെ.
അനുമതിയില്ലാതെ ഫോണ്‍ ചോര്‍ത്തല്‍ ടെലികോം നിയന്ത്രണ അതോറിറ്റി ചട്ടപ്രകാരം നിയമവിരുദ്ധമാണെന്നും സാല്‍വെ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സാല്‍വെ തന്നെ കേസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി വിഷയത്തില്‍ അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിയുടെ സഹായവും തേടി. ഉപയോഗിക്കുന്ന വിവരങ്ങളുടെ സ്വകാര്യത സൂക്ഷിക്കുമെന്ന വാട്സ്ആപിന്‍െറ ഏറ്റവും വലിയ സവിശേഷതയാണ് പുതിയ നയത്തിലുടെ ഇല്ലാതാകുന്നതെന്ന് ഹരജിക്കാരായ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവില്‍ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുമെന്ന വാട്സ്ആപ്പിന്‍െറ നയം മാറ്റത്തിന് അംഗീകാരം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 25 വരെ വാട്സ്ആപ്പിലുള്ള വിവരങ്ങളും ഫയലുകളും ഫേസ്ബുക്കിനും മറ്റൊരു കമ്പനിക്കും കൈമാറരുതെന്ന വ്യവസ്ഥയും ഹൈകോടതി ഇതോടൊപ്പം വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.