വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് ഉവൈസിക്ക് നോട്ടീസ്
text_fieldsവാരാണസി: വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസിക്ക് നോട്ടീസ്. വാരാണസിയിൽ കഴിഞ്ഞ വ്യാഴാഴ്ച പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ ഉവൈസി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജില്ല തെരഞ്ഞെടുപ്പ് ഓഫീസർക്ക് വേണ്ടി അഡീഷണൽ റിട്ടേണിങ് ഓഫീസറുടേതാണ് നടപടി.
ബി.ജെ.പി കാശി മേഖല ലീഗൽ സെൽ കൺവീനർ ശശാങ്ക് ശേഖർ ത്രിപാഠി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷൻ അസദുദ്ദീൻ ഉവൈസിക്ക് നോട്ടീസയച്ചത്. ഉവൈസിയുടെ വാരാണസിയിലെ പ്രസംഗത്തിൽ വർഗീയ പരാമർശങ്ങൾ ഉണ്ടെന്നായിരുന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.പരാതി ലഭിച്ചുവെന്ന വിവരം അഡീഷണൽ റിട്ടേണിങ് ഓഫീസർ നീരജ് പട്ടേൽ സ്ഥിരീകരിച്ചു. ഇതിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് ഉവൈസിക്ക് നോട്ടീസ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിൽ മുക്താർ അൻസാരി ജുഡീഷ്യൽ കസ്റ്റഡിയിൽ കൊല്ലപ്പെടുകയായിരുന്നുവെന്ന് ഉവൈസി ആരോപിച്ചിരുന്നു. അൻസാരി രക്തസാക്ഷിയാണെന്നും അദ്ദേഹത്തെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ബി.ജെ.പി സർക്കാറിനായിരുന്നുവെന്നും പക്ഷേ അവർ അതിൽ പരാജയപ്പെട്ടുവെന്നും ഉവൈസി പറഞ്ഞിരുന്നു. എസ്.പി നേതാവ് അഖിലേഷ് യാദവിനെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയും ഉവൈസി വിമർശനം ഉന്നയിച്ചിരുന്നു.
ഞങ്ങളെ ബി.ജെ.പിയുടെ ബി പാർട്ടിയെന്നാണ് വിമർശിക്കുന്നത്. ഞങ്ങൾ ബി.ജെ.പിയുടെ ബി പാർട്ടിയാണെങ്കിൽ എന്തുകൊണ്ടാണ് അഖിലേഷ് യാദവ് 2014,2019 ലോക്സഭ തെരഞ്ഞെടുപ്പുകളിലും 2017, 2022 നിയമസഭ തെരഞ്ഞെടുപ്പുകളിലും ദയനീയമായി തോറ്റത്. മോദിയുമായും യോഗിയുമായും അഖിലേഷ് ഡീലുണ്ടാക്കിയിരുന്നോയെന്നും ഉവൈസി ചോദിച്ചിരുന്നു. സി.എ.എ അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ് ജനങ്ങളോട് നീതിപാലിച്ചില്ലെന്നും ഉവൈസി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.