പെഗസസിൽ കേന്ദ്രത്തിന് നോട്ടീസ്; വഴങ്ങാതെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പെഗസസ് ചാരവൃത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്. പെഗസസ് വിവാദത്തിൽ ഒന്നും വെളിപ്പെടുത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.
10 ദിവസം കഴിഞ്ഞ് ഹരജികൾ വീണ്ടും പരിഗണിക്കും. നേരേത്ത നൽകിയ രണ്ടു പേജ് സത്യവാങ്മൂലത്തിൽ പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ (എസ്.ജി) തുഷാർ മേത്ത വാദിച്ചു. ഇക്കാര്യത്തിൽ കേന്ദ്രം കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നാണോ തങ്ങൾ മനസ്സിലാക്കേണ്ടതെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് ചോദിച്ചു. പെഗസസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുകയില്ല എന്നല്ല, പരസ്യമായി വെളിപ്പെടുത്താനാവില്ല എന്നാണ് പറയുന്നതെന്ന് എസ്.ജി കൂട്ടിച്ചേർത്തു. വിദഗ്ധ സമിതിക്കു മുമ്പാകെയല്ലാതെ ഒന്നും വെളിപ്പെടുത്തില്ലെന്നും അദ്ദേഹം അറിയിച്ചു.
ഏത് സോഫ്റ്റ്വെയർ ഉപയോഗിച്ചു, ഉപയോഗിച്ചില്ല എന്നത് ഒരു രാജ്യം വെളിപ്പെടുത്തില്ലെന്ന് മേത്ത വാദിച്ചു. രാജ്യസുരക്ഷക്കുവേണ്ടിയാണ് അതെല്ലാം. വിഷയം പൊതുജനങ്ങൾക്കു മുന്നിൽ ചർച്ചക്കു വെക്കേണ്ട ഒന്നല്ല. ഇങ്ങനെ പോയാൽ പ്രതിരോധവിഷയങ്ങൾ വെളിെപ്പടുത്താൻ ആവശ്യപ്പെട്ടും ഹരജി വരും -മേത്ത പറഞ്ഞു. രാജ്യസുരക്ഷയിൽ ഹരജിക്കാരുടെ അഭിഭാഷകരും വിട്ടുവീഴ്ച ചെയ്യാത്തവരാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് മറുപടിയായി പറഞ്ഞു. ഇവിടെ വിഷയം തീർത്തും വ്യത്യസ്തമാണ്. ഉന്നതരായ വ്യക്തികൾ അടങ്ങുന്ന പൗരന്മാരുടെ ഫോൺ ചോർത്തിയിട്ടുണ്ടെന്നാണ് പരാതി. അതിൽ ആഭ്യന്തര മന്ത്രാലയത്തിന് എന്തു പറയാൻ കഴിയും അത്രയും പറയുക -ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
കോടതി പറഞ്ഞാൽ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഒരുക്കമാണെന്ന് എസ്.ജി പറഞ്ഞപ്പോൾ ആ ഘട്ടത്തിലെത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പ്രതികരിച്ചു. വിദഗ്ധ സമിതി വേണമോ മറ്റേതെങ്കിലും സമിതി വേണമോ എന്ന് പിന്നീട് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.