‘ലഹരിപ്പാട്ട് വേണ്ട’; ദിൽജിത് ദൊസാഞ്ജിന് നോട്ടീസ് അയച്ച് തെലങ്കാന സർക്കാർ
text_fieldsഹൈദരാബാദ്: വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന ‘ദിൽ-ലുമിനാറ്റി’ സംഗീത പരിപാടിക്ക് മുന്നോടിയായി പഞ്ചാബി നടനും ഗായകനുമായ ദിൽജിത് ദൊസാഞ്ജിനും സംഘാടകർക്കും നോട്ടീസ് അയച്ച് തെലങ്കാന സർക്കാർ. മദ്യം, ലഹരിമരുന്ന്, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ പരിപാടിയിൽ ഉണ്ടാകരുതെന്ന് നോട്ടീസിൽ നിർദേശിക്കുന്നു. ദൊസാഞ്ജിന്റെ മുൻകാല പരിപാടികളിൽ സമാന ഗാനങ്ങളുണ്ടായിരുന്നു എന്ന് നിരീക്ഷിച്ചാണ് സർക്കാറിന്റ നടപടി.
നേരത്തെ ഡൽഹിയിലും ജയ്പുരിലും സംഘടിപ്പിച്ച ദിൽ-ലുമിനാറ്റി ഷോയിൽ ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങളുണ്ടായിരുന്നു എന്ന് റിപ്പോർട്ട് വന്നിരുന്നു. രാജ്യാന്തര സംഗീത നിശകളിലും ദൊസാഞ്ജ് ഇത്തരം ‘ഹൈ-വോൾട്ടേജ്’ ഗാനങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒക്ടോബർ 26ന് ന്യൂഡൽഹിയിലാണ് രാജ്യത്തെ 11 നഗരങ്ങളിലായി സംഘടിപ്പിക്കുന്ന ദൊസാഞ്ജിന്റെ ദിൽ-ലുമിനാറ്റി ടൂർ ആരംഭിച്ചത്. ഹൈദരാബാദ് മൂന്നാമത്തെ വേദിയാണ്.
സർക്കാറിന്റെ പുതിയ ഉത്തരവ് പരിപാടിയെ ബാധിക്കുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. വനിതാ-ശിശു വികസന, വയോജന ക്ഷേമ വകുപ്പ് പുറത്തിറക്കിയ നോട്ടീസിൽ കുട്ടികളെ സ്റ്റേജിൽ കയറ്റരുതെന്നും നിർദേശമുണ്ട്. തീവ്രമായ ശബ്ദവും പ്രകാശവും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം. 120 ഡി.ബിയിൽ കൂടുതൽ തീവ്രതയുള്ള ശബ്ദം കുട്ടികളുടെ ചെവിക്ക് ദോഷകരമാണെന്ന് പഠനത്തിൽ പറയുന്നു.
ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഷോയിൽ കേസ്, പഞ്ചതാര, പട്യാലപെഗ് തുടങ്ങിയ ഗാനങ്ങൾ ലഹരിയും അക്രമവും പ്രോത്സാഹിപ്പിക്കുന്നതായും നോട്ടീസിൽ പറയുന്നു. ഹൈദരാബാദിനു ശേഷം അഹ്മദാബാദ്, പുണെ, ലഖ്നോ, കൊൽക്കത്ത, ബംഗളൂരു, ഇന്ദോർ, ചണ്ഡിഗഢ്, ഗുവാഹട്ടി എന്നിവിടങ്ങളിലാണ് ദിൽ-ലുമിനാറ്റി സംഘടിപ്പിക്കുന്നത്. സണ്ണി ഡിയോളും വരുൺ ധവാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ബോർഡർ 2’ എന്ന സിനിമയിൽ ദിൽജിത് വേഷമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.