ആശുപത്രിയിൽ വെടിവെപ്പ് നടത്തി രക്ഷപ്പെട്ട ഗ്യാങ്സ്റ്റർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsന്യൂഡൽഹി: മൂന്ന് ദിവസം മുമ്പ് വെടിവെപ്പ് നടത്തി പൊലീസിനെ വെട്ടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ ക്രിമിനൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡൽഹിയിലെ കുപ്രസിദ്ധമായ ഗോഗ ഗ്യാങിൽ അംഗമായ കുൽദീപ് ഫസ്സയാണ് ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്.
രോഹിണി സെക്ടർ 14ൽ കുൽദീപ് ഒളിവിൽ കഴിയുകയായിരുന്ന ഫ്ലാറ്റ് പൊലീസ് വളയുകയും തുടർന്ന് പരസ്പരം വെടിയുതിർത്തുകയുമായിരുന്നു. വെടിയേറ്റ കുൽദീപിനെ ഉടൻ അംബേദ്കർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
ഈമാസം 25നാണ് ജി.ടി.ബി ഹോസ്പിറ്റലിൽ വെടിവെപ്പ് നടത്തി കുൽദീപ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഈ വെടിവെപ്പിൽ കുൽദീപിന്‍റെ ഒരു അനുയായി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജി.ടി.ബിയിൽ കുൽദീപ് പതിവായി ചികിത്സക്ക് എത്തുന്നുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് അറസ്റ്റ് ചെയ്യുന്നതിനായാണ് വ്യാഴാഴ്ച എത്തിയത്. പക്ഷേ, കുൽദീപിന് ഒപ്പമുണ്ടായിരുന്ന കൂട്ടാളികൾ പൊലീസിനുനേരെ മുളകുപൊടി എറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു.
അവിടെ നിന്ന് രക്ഷപ്പെട്ട കുൽദീപ് രോഹിണിയിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഈ ഫ്ലാറ്റ് വളഞ്ഞ പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കുൽദീപ് അവർക്കുനേരെ വെടിയുതിർത്തു. ഈ ഏറ്റുമുട്ടലിൽ കുൽദീപിന് വെടിയേൽക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയുമായിരുന്നു. കുൽദീപിനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മാർച്ചിൽ ഗുർഗാവിൽ വെച്ച് ഡൽഹി പൊലീസിന്‍റെ സ്പെഷൽ സെൽ കുൽദീപിനെ അറസ്റ്റ് ചെയ്തിരുന്നു. പുറത്തിറങ്ങിയ ശേഷം വീണ്ടും ഗോഗി ഗ്യാങിന്‍റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് എൻകൗണ്ടർ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.