പശുക്കളിൽ ചർമ്മമുഴ രോഗം പടരുന്നു; അസമിൽ ജാഗ്രത നിർദ്ദേശം
text_fieldsഗുവാഹട്ടി: കോവിഡ് വ്യാപനത്തിനിടയിൽ അസമിൽ പശുക്കളിൽ ലംപി സ്‌കിൻ ഡിസീസ് (Lumpy skin disease/LSD) അഥവാ സാംക്രമിക ചർമ മുഴ രോഗം വ്യാപിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ഇതേതുടർന്ന് അയൽ സംസ്ഥാനങ്ങളിൽ കടുത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
അസമിലെ കാഷർ, കരീംഗഞ്ച്, ഹൈലാകാണ്ടി, കംറൂപ് എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി വ്യാപിക്കുന്നത്. പശുക്കളുടെ പാലുല്‍പ്പാദനവും പ്രത്യുല്‍പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിനു കാരണമാവുന്ന ലംപി സ്‌കിൻ രോഗം ക്ഷീരമേഖലയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇത് കോവിഡ് പ്രതിസന്ധിക്കിടയിൽ കർഷകർക്ക് തൊഴിൽനഷ്ടവും സാമ്പത്തിക നഷ്ടവും ഏറെയാണ് വരുത്തിവെക്കുന്നത്.
പശുക്കളുടെ ത്വക്കിനെയും ദഹനവ്യൂഹത്തെയും ശ്വസനവ്യൂഹത്തെയുമാണ് ലംപി സ്‌കിൻ വൈറസുകൾ പ്രധാനമായും ബാധിക്കുന്നത്. രോഗാണുബാധയേറ്റ നാലു മുതല്‍ 14 ദിവസങ്ങള്‍ക്കകം പശുക്കളും എരുമകളും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും.
കടുത്ത പനി, കറവയിലുള്ള പശുക്കളുടെ ഉല്‍പ്പാദനം ഗണ്യമായി കുറയല്‍, തീറ്റ മടുപ്പ്, മെലിച്ചില്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കഴലകളുടെ വീക്കം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ത്വക്കില്‍ പല ഭാഗങ്ങളിലായി രണ്ടു മുതല്‍ അഞ്ച് സെന്‍റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
കാപ്രിപോക്സ് വൈറസ് കുടുംബത്തിലെ എല്‍.എസ്.ഡി വൈറസുകളാണ് ലംപി സ്‌കിൻ രോഗത്തിനു കാരണം. ഈ വൈറസുകളെ കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗം ബാധിച്ച പശുക്കളുടെ രക്തത്തിലും ത്വക്കിൽനിന്ന് അടർന്ന് വീഴുന്ന വ്രണങ്ങളിലും ഉമിനീരിലും മൂക്കിൽ നിന്നും കണ്ണിൽ നിന്നും ഒലിക്കുന്ന സ്രവത്തിലും പാലിലും മറ്റ് ശരീര സ്രവങ്ങളിലുമെല്ലാം ഉയർന്ന വൈറസ് സാന്നിധ്യം ഉണ്ടാവും.
രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗം പകരും. ഇത് മറ്റു പശുക്കളിലേക്കും വ്യാപിക്കാനിടയുണ്ട്. മുഴകള്‍ പൊട്ടിയുണ്ടാകുന്ന വ്രണങ്ങള്‍ ഉണങ്ങാന്‍ ദിവസങ്ങളോളം സമയമെടുക്കും. വ്രണങ്ങളില്‍ അണുബാധകള്‍ക്കും ഈച്ചകള്‍ വന്ന് മുട്ടയിട്ട് പുഴുബാധയ്ക്കും സാധ്യതയേറെയാണ്.
രോഗം ബാധിച്ച പശുക്കൾക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും രണ്ട്-മൂന്ന് ആഴ്ചകളാണ് രോഗം ഭേദമാവാൻ വേണ്ടിവരുന്നതെന്നും അധികൃതർ അറിയിച്ചു. നേരത്തേ ലോകമെമ്പാടുമുള്ള പന്നിക്കർഷകരുടെ പേടിസ്വപ്നമായ ആഫ്രിക്കൻ പന്നിപ്പനി (African Swine Fever) ഇന്ത്യയിൽ ആദ്യമായി അസമിൽ സ്ഥിരീകരിച്ചിരുന്നു. ഈ വർഷം മാത്രം 2900ലധികം പന്നികളായിരുന്നു അസമിൽ ചത്തത്. ഇന്ത്യയിൽ ഏറ്റവുമധികം പന്നികളുള്ള സംസ്ഥാനമാണ് അസം. ഇതിനു പിന്നാലെ ചർമ്മമുഴ വ്യാപിച്ചതും കടുത്ത ആശങ്കയാണ് ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.