നൂഹിലെ മുറിവേറ്റ തെരുവുകളിൽ 'സ്നേഹത്തിന്‍റെ ബുൾഡോസർ' ഓടിച്ച് കോൺഗ്രസ്
text_fieldsചണ്ഡീഗഡ്: ഹരിയാനയിൽ വർഗീയ കലാപം അശാന്തിവിതച്ച നൂഹിലെ തെരുവുകളിൽ സ്നേഹത്തിന്‍റെ ബുൾഡോസർ ഓടിച്ച് കോൺഗ്രസ്. ബി.ജെ.പി സർക്കാർ നടപ്പാക്കിയ ബുൾഡോസർ രാജിന്‍റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇന്നും ഓർമയിലിരിക്കെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് സ്നേഹത്തിന്‍റെ ബുൾഡോസറുമായി നൂഹിലെ ജനങ്ങളിലേക്കെത്തിയത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ പ്രചാരണത്തിന്‍റെ ഭാഗമായായിരുന്നു കോൺഗ്രസ് സ്നേഹത്തിന്‍റെ ബുൾഡോസർ ഓടിച്ചത്. ബുൾഡോസർ കോൺഗ്രസ് കൊടികളാൽ അലങ്കരിച്ചിരുന്നു. മുമ്പ്, ഓരോ കെട്ടിടങ്ങളായി തകർത്തെറിഞ്ഞ് നീങ്ങിയിരുന്ന അതിന്‍റെ യന്ത്രക്കൈകളിൽ കോൺഗ്രസ് പതാകയേന്തിയ യുവാക്കൾ അണിനിരന്നു. ഇത്തവണ ബുൾഡോസർ കണ്ടപ്പോൾ ആരും ഭയന്നില്ല.
2023 ജൂലൈ 31നായിരുന്നു നൂഹിൽ ആക്രമണങ്ങൾക്ക് തുടക്കമായത്. വി.എച്ച്.പിയുടെ റാലിക്കിടെയുണ്ടായ ആക്രമണത്തോടെ ആരംഭിച്ച കലാപത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ സർക്കാർ നടപടിയിൽ 443 കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കപ്പെട്ടു. ഇതിൽ 80 ശതമാനവും മുസ്ലിംകളുടെതായിരുന്നു. പിന്നീട്, പഞ്ചാബ്-ഹരിയാന ഹൈകോടതി ഇടപെട്ടാണ് നൂഹിലെ ബുൾഡോസർ രാജിന് തടയിട്ടത്.
നൂഹിലെ റാലിയിൽ പങ്കെടുത്ത് കൊണ്ട് രാഹുൽ ഗാന്ധി, ബി.ജെ.പി പടർത്തുന്ന തൊഴിലില്ലായ്മ രോഗം ഹരിയാനയുടെ സുരക്ഷയെയും യുവാക്കളുടെ ഭാവിയെയും ആഴത്തിൽ അപകടത്തിലാക്കിയിരിക്കുകയാണെന്ന് ഓർമിപ്പിച്ചു. തൊഴിൽ തിരിച്ചുകൊണ്ടുവരുന്നത് കോൺഗ്രസ് സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിനൊടുവിലാണ് നാളെ ഹരിയാന പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. 22 ജില്ലകളിലെ 90 മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തുടർച്ച പ്രതീക്ഷിക്കുമ്പോള്‍ സംസ്ഥാനഭരണത്തിലേക്കുള്ള തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
2019ലെ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളുമായി ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 31 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 10 സീറ്റില്‍ വിജയിച്ച ജെ.ജെ.പി നിർണായക ശക്തിയാവുകയും ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ട് സർക്കാറിന്‍റെ ഭാഗമാവുകയും ചെയ്തു. ഇത്തവണ കർഷക പ്രശ്നങ്ങള്‍, അഗ്നിവീർ പദ്ധതി, ഗുസ്തിതാരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ തുടങ്ങി നിരവധി വിഷയങ്ങൾ പ്രധാന ചർച്ചയായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ തിരിച്ചെത്താമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.