ഇനിമുതൽ സമർപ്പിത ബി.ജെ.പി പ്രവർത്തകനായിരിക്കും; കോൺഗ്രസ് വിട്ടതിൽ പ്രതികരിച്ച് ജിതിൻ പ്രസാദ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇന്ന് ഒരു ദേശീയ പാർട്ടിയുണ്ടെങ്കിൽ അത് ബി.ജെ.പിയാണെന്നും മറ്റുളളവയെല്ലാം ചില വ്യക്തികളിലോ പ്രദേശങ്ങളിലോ മാത്രം ഒതുങ്ങുകയാണെന്നും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജിതിൻ പ്രസാദ. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേർന്നതിനോട് പ്രതികരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം.
ജനങ്ങളെ സഹായിക്കാൻ കഴിയില്ലെന്നും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്നും മനസിലാക്കിയതിനെ തുടർന്നാണ് കോൺഗ്രസ് വിട്ടത്. മുൻ വർഷങ്ങളിൽ എന്നെ അനുഗ്രഹിച്ച കോൺഗ്രസിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇനിമുതൽ ഒരു സമർപ്പിത ബി.ജെ.പി പ്രവർത്തകനായി പ്രവർത്തിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബുധനാഴ്ച ഉച്ചയോടെയാണ് ബി.ജെ.പിയിൽ ചേർന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെയും ബി.ജെ.പി വക്താവ് അനിൽ ബലൂനിയുടെയും സാന്നിധ്യത്തിലാണ് ജിതിൻ പ്രസാദ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
ഉത്തർപ്രദേശിൽ കോൺഗ്രസിന്‍റെ നട്ടെല്ലായിരുന്നു ജിതിൻ പ്രസാദ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തൻ കൂടിയായിരുന്നു അദ്ദേഹം. അടുത്തവർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജിതിൻ പ്രസാദയുടെ ബി.ജെ.പിയിലേക്കുള്ള ചേക്കേറൽ. ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്‍റെ പുതിയ നീക്കം.
പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.സി.സിയുടെ ചുമതല വഹിച്ചിരുന്നയാളാണ് 47കാരനായ ജിതിൻ പ്രസാദ. ഉത്തർപ്രദേശിൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലായതോടെ, ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടുതവണ ജിതിൻ പ്രസാദ പരാജയപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് ജിതേന്ദ്ര പ്രസാദ പ്രമുഖ കോൺഗ്രസ് നേതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.