ലഖിംപൂർ ഖേരി കേസിൽ പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി സുപ്രീം കോടതിയിൽ പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: ലഖിംപൂർ ഖേരി കേസിൽ പ്രധാന സാക്ഷികളിലൊരാൾക്ക് നേരെ ആക്രമണം നടന്നതായി കർഷകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. എട്ട് പേരുടെ മരണത്തിനിടയാക്കിയ ലഖിംപൂർ ഖേരി കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതിന് ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചതിനാൽ നിങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് അക്രമികൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിലെ മറ്റ് പ്രതികളും ജാമ്യമാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് നാളെ കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കാൻ മാർച്ച് 11ന് സുപ്രീം കോടതി സമ്മതിച്ചിരുന്നു. ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് മിശ്രക്ക് ജാമ്യം അനുവദിച്ചത്.
അക്രമത്തിൽ കൊല്ലപ്പെട്ട മൂന്ന് കർഷകരുടെ കുടുംബാംഗങ്ങൾ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ ലഖിംപൂർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ആശിഷ് മിശ്രയുടെ വാഹനമിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.