ഇന്ത്യ-ബംഗ്ലാദേശ് ചർച്ചയിൽ എൻ.ആർ.സി
text_fieldsന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച ചർച്ചയിൽ ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) പ്രധാന വിഷയമായി. ദേശീയ പൗരത്വ പട്ടികയുടെ പ്രക്രിയയിൽ ഇന്ത്യയിൽ എന്തു നടക്കുന്നുവെന്നറിയാൻ തങ്ങൾ കണ്ണുതുറന്നിരിക്കുമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. ഭരണകക്ഷി നേതാക്കളും ഉത്തരവാദപ്പെട്ട മന്ത്രിമാരും ബംഗ്ലാദേശുമായി ബന്ധപ്പെടുത്തി ഇന്ത്യൻ പൗരത്വ പട്ടിക ചർച്ചയാക്കുന്ന പശ്ചാത്തലത്തിൽ വിഷയം ഉന്നയിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് ഇന്ത്യയുമായി മാത്രം ബന്ധപ്പെട്ട ഒരു നിയമ പ്രക്രിയയാണ് എൻ.ആർ.സിയെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി ഉറപ്പുനൽകി.
അതേസമയം, ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കൾ നിരന്തരം ആവർത്തിക്കുന്നതിനിടയിൽ എത്തിയ ആ രാജ്യത്തെ പ്രധാനമന്ത്രിയോട് അക്കാര്യം പരാമർശിക്കാൻ മോദി തയാറായതുമില്ല. യു.എൻ െപാതുസഭയിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദേശീയ പൗരത്വ പട്ടിക ചർച്ചചെയ്ത ബംഗ്ലാദേശ് പ്രധാനമന്ത്രി ൈശഖ് ഹസീന, രണ്ടാഴ്ചക്കിടയിൽ ഇത് രണ്ടാം തവണയാണ് വിഷയം ഉന്നയിക്കുന്നത്. എന്നാൽ, നരേന്ദ്ര മോദി ശൈഖ് ഹസീനക്ക് ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും എൻ.ആർ.സി പ്രക്രിയയിൽ എന്തു നടക്കുന്നുവെന്നറിയാൻ തങ്ങൾ കണ്ണ് തുറന്നിരിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ശാഹിദുൽ ഹഖ് പറഞ്ഞു.
‘‘ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണിതെന്ന ഉറപ്പ് തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. തങ്ങൾ അങ്ങനെ കരുതുകയും ചെയ്യുന്നു. എല്ലാവരെയും എൻ.ആർ.സിയിൽ ഉൾപ്പെടുത്താൻ ഇന്ത്യ എപ്രകാരം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ഹസീനയോട് വിശദമായി പറഞ്ഞിട്ടുമുണ്ട്’’ -ശാഹിദുൽ ഹഖ് പറഞ്ഞു.
അസമിൽ പൗരത്വമില്ലാതായ 19 ലക്ഷം പേരെ നാടുകടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ശൂന്യതയിൽനിന്ന് ഒരു പ്രതിസന്ധി ഉണ്ടാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും കാത്തിരുന്നു കാണാമെന്നും ഹഖ് മറുപടി നൽകി. കോടതി നിർദേശപ്രകാരം നടക്കുന്ന പ്രക്രിയയാണ് എൻ.ആർ.സിയെന്നും അത് തുടരുകയാണെന്നും ഒടുവിലെന്താകുമെന്ന് നോക്കാമെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിലുള്ള റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ച് അവരുടെ ജന്മനാടായ രാഖൈനിലെത്തിക്കാൻ മ്യാന്മർ ഭരണകൂടവുമായി വളരെ അടുത്ത ബന്ധമുള്ള മോദിയുടെ സഹായം ശൈഖ് ഹസീന തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.