ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട്: പ്രവാസികള്‍ എങ്ങനെ പുറത്തായി –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: പ്രവാസികള്‍ക്കായി വിഭാവനം ചെയ്ത ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് പുറത്തുള്ള സര്‍വിസ് വോട്ടര്‍മാര്‍ക്ക് നടപ്പാക്കാന്‍ ശിപാര്‍ശ ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് പ്രവാസികളെ ഒഴിവാക്കിയെന്ന് സുപ്രീംകോടതി ചോദിച്ചു. പുതിയ നിയമഭേദഗതിയില്‍ പ്രവാസികളെ ഉള്‍പ്പെടുത്താത്തതിന് കാരണം വ്യക്തമാക്കി നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാനും പ്രവാസികള്‍ക്ക് വോട്ടുനല്‍കാന്‍ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടികളാണ് കൈക്കൊണ്ടതെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പ്രവാസികളുടെ വോട്ടവകാശത്തിന് തങ്ങളുടെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും വരുത്തേണ്ട നിയമഭേദഗതി സംബന്ധിച്ച ശിപാര്‍ശയും നിയമഭേദഗതിയുടെ കരട് ബില്ലും കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ അറിയിച്ചു. ഇനി കാലതാമസമൊന്നുമില്ളെന്നും ബാക്കി ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും കമീഷന്‍ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
കമീഷന്‍ നടപടി പൂര്‍ത്തിയായെങ്കില്‍ പിന്നെ കേന്ദ്ര സര്‍ക്കാറല്ളേ ബാക്കിയുള്ള നടപടികള്‍ എടുക്കേണ്ടതെന്ന് ഈ ഘട്ടത്തില്‍ ചീഫ് ജസ്റ്റിസ് ചോദിച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള നിയമഭേദഗതി നടപടി നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക വിഭ മകീജ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഇത് കുറേക്കാലമായി പറയുന്നുണ്ടെന്ന് ഹരജിക്കാരനായ ഡോ. ശംസീര്‍ വയലിന്‍െറ അഭിഭാഷകന്‍ അഡ്വ. കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇറക്കിയ ഉത്തരവുകളുടെ പകര്‍പ്പുകള്‍ അദ്ദേഹം സുപ്രീംകോടതിക്ക് കൈമാറി. മൂന്നു മാസം ഇടവിട്ട് സുപ്രീംകോടതി സമയം കൊടുത്തതിന്‍െറ ഉത്തരവുകളാണിതെന്നും കേന്ദ്രം ഇത് നടപ്പാക്കിയില്ളെന്നും കപില്‍ സിബല്‍ പറഞ്ഞു. തങ്ങള്‍ക്ക് നിയമഭേദഗതിക്ക് നിര്‍ബന്ധിക്കാനാവില്ളെന്നും അത് പാര്‍ലമെന്‍റിന്‍െറ ചുമതലയാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്‍െറ മറുപടി.
ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റ് എന്ന പുതിയ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരു ഉത്തരവിറക്കിയിട്ടുണ്ടെന്നും ആ ഉത്തരവില്‍ സര്‍വിസ് വോട്ടര്‍മാരെ മാത്രം ഉള്‍പ്പെടുത്തി പ്രവാസികളെ ഒഴിവാക്കിയെന്നും കപില്‍ സിബല്‍ ബോധിപ്പിച്ചു. പ്രവാസികള്‍ക്കായി ആവിഷ്കരിച്ച പുതിയ സംവിധാനത്തില്‍നിന്ന് അവരെ ഒഴിവാക്കിയ നടപടി അദ്ദേഹം ചോദ്യം ചെയ്തു. ഇതു സംബന്ധിച്ച് പുതിയ അപേക്ഷ തങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സിബല്‍ ബോധിപ്പിച്ചു.
ഈ ഘട്ടത്തില്‍ ഇടപെട്ട സുപ്രീംകോടതി ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ടിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമഭേദഗതി കൊണ്ടുവന്നിട്ട് എന്തുകൊണ്ട് ആ ഭേദഗതിയില്‍ പ്രവാസികളെ ഉള്‍പ്പെടുത്തിയില്ല എന്ന് ചോദിച്ചു. പുതിയ നിയമഭേദഗതിയില്‍ പ്രവാസികളെ ഉള്‍പ്പെടുത്താത്തതിന് കാരണം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാനും പ്രവാസികള്‍ക്ക് വോട്ട് നല്‍കാന്‍ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രവാസികള്‍ക്കില്ല ഈ പ്രവാസി വോട്ട്
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടുചെയ്യാനായി 1961ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമഭേദഗതിയില്‍നിന്നാണ് പ്രവാസി സമൂഹം പുറത്തായത്. ഇന്ത്യന്‍ സൈനികരടക്കമുള്ള സര്‍വിസ് വോട്ടര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റിനായാണ് സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തത്. 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 23ാം ചട്ടം ഭേദഗതി ചെയ്തതിലൂടെ വോട്ടറുടെ സംസ്ഥാനത്തിന് പുറത്തുനിന്ന് ഇ-പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടുചെയ്യാന്‍ ഇവര്‍ക്ക് കഴിയും. എന്നാല്‍, ഈ ഭേദഗതിവഴി സൈനികരടക്കമുള്ള സര്‍ക്കാര്‍ സര്‍വിസിലുള്ളവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാനാകൂ എന്ന് സര്‍ക്കാര്‍ പ്രത്യേകം വ്യക്തമാക്കി.
പ്രവാസി വോട്ടവകാശത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കാധാരമായ ഹരജി നല്‍കിയ ഡോ. ശംസീര്‍ വയലിലാണ് പുതിയ അപേക്ഷയുമായി സുപ്രീംകോടതിയിലത്തെിയത്. പ്രവാസികള്‍ക്ക് വോട്ടവകാശത്തിനായി സുപ്രീംകോടതി നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം 21നാണ് ചട്ടം ഭേദഗതി ചെയ്ത് ഉത്തരവിറക്കിയതെന്ന് ശംസീര്‍ തന്‍െറ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.