പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്റെ അംബാസഡർമാർ -പ്രധാനമന്ത്രി
text_fieldsഇന്ദോർ: വിദേശമണ്ണിലെ ഇന്ത്യൻ അംബാസഡർമാരാണ് പ്രവാസി ഇന്ത്യക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 17ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ മധ്യപ്രദേശിലെ ഇന്ദോറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി-20 കൂട്ടായ്മയിൽ ഇന്ത്യ ഈവർഷം അധ്യക്ഷപദവി വഹിക്കുന്നത് രാജ്യത്തിന്റെ നയനിലപാടുകൾ ലോകത്തോട് പറയാനുള്ള അവസരമാണെന്നും മോദി കൂട്ടിച്ചേർത്തു.
പരിപാടിയിൽ സുരിനാം പ്രസിഡന്റ് ചന്ദ്രിക പെർസാദ് സന്തോഖി പ്രത്യേക അതിഥിയും ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി മുഖ്യാതിഥിയുമായി പങ്കെടുക്കുന്നുണ്ട്.
ഇന്ത്യൻ സർവകലാശാലകൾ വിദേശത്തുള്ള ഇന്ത്യക്കാരുടെ നേട്ടങ്ങൾ രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികളുണ്ട്. രാഷ്ട്രനിർമിതിയിൽ അവരുടെ സംഭാവനകൾ നിസ്തുലമാണ്. മുതിർന്ന പലർക്കും അത്തരം കാര്യങ്ങളുടെ വിശദാംശങ്ങൾ അറിയാം. അതെല്ലാം രേഖപ്പെടുത്തണം. ലോകത്തെ ഏറ്റവും വലിയ അഞ്ചു സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.
സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ നമുക്ക് മൂന്നാം സ്ഥാനവുമുണ്ട്. ലോകമിന്ന് വലിയ താൽപര്യത്തോടെയാണ് ഇന്ത്യയെ നോക്കുന്നത്. വിദേശ ഇന്ത്യക്കാരുടെ താൽപര്യം സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും -മോദി പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് ചൗഹാൻ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ സ്മരണ മായാതെ നിൽക്കാൻ ഇന്ദോറിൽ ‘ആഗോള ഉദ്യാനം’ നിർമിക്കുകയാണെന്നും ഇതിൽ കഴിഞ്ഞദിവസം 66 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ മരത്തൈകൾ നട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പ്രധാനമന്ത്രി പ്രവാസത്തെ അടയാളപ്പെടുത്തുന്ന തപാൽ സ്റ്റാമ്പ് പുറത്തിറക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.