മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണം; രാഷ്ട്രപതിക്ക് പ്രമുഖരുടെ നിവേദനം
text_fieldsന്യൂഡൽഹി: രാജ്യത്ത് നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് പ്രമുഖ എഴുത്തുകാരും മനുഷ്യാവകാശ-സാമൂഹിക പ്രവർത്തകരും അടങ്ങിയ നാഷനൽ സോളിഡാരിറ്റി ഫോറം (എൻ.എസ്.എഫ്) ആവശ്യപ്പെട്ടു. ഈ നിയമം ഭരണഘടന തത്ത്വങ്ങളുടെ ലംഘനവും മതേതര പാരമ്പര്യത്തെ തകർക്കുന്നതും മനുഷ്യാവകാശ ലംഘനവുമാണെന്ന് രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന നിവേദനത്തിൽ സംഘടന ചൂണ്ടിക്കാട്ടി.
മതേതര-ജനാധിപത്യ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ ഈ നിയമത്തിന്‍റെ പ്രയോഗം ഞെട്ടലുളവാക്കുന്നു. 1967ൽ ആർ. എസ്. എസിന്‍റേയും ഹിന്ദു മഹാസഭയുടേയും സമ്മർദ ഫലമായി ഒഡിഷയിലാണ് ആദ്യ മതപരിവർത്തന നിരോധന നിയമം നടപ്പായത്. തുടർന്ന് മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും പ്രാബല്യത്തിലായി. തമിഴ്നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ നിയമം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടർന്ന് പിൻവലിക്കേണ്ടി വന്നു. ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ, നിയമസഭ പാസാക്കിയ നിയമം ഉപരിസഭയും കൂടി കടന്നാൽ അവിടെയും നിയമമാകും. ഈ മാസം 14നാണ് ബിൽ ഉപരിസഭയിൽ വെക്കുന്നത്. അതിന് മുമ്പ് നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സംഘടന അഭ്യർഥിച്ചു.
നാവികസേന മുൻ മേധാവി അഡ്മിറൽ എൽ. രാംദാസ്, ചലച്ചിത്ര സംവിധായകൻ ആനന്ദ് പട്വർധൻ, നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ പ്രതിനിധി ആനി രാജ, എൻ.എസ്.എഫ് സ്ഥാപകാംഗം ഡോ. ജോൺ ദയാൽ, കൺവീനർ രാം പുനിയാനി, കോ കൺവീനർ കെ.പി. ശശി, സാമൂഹിക പ്രവർത്തകൻ ഹർഷ് മാന്ദർ, കവി കെ. സച്ചിദാനന്ദൻ, എ.ഐ.പി.ഡബ്ല്യു.എയുടെ കവിത കൃഷ്ണൻ, നർത്തകി മല്ലിക സാരാഭായ്, ന്യൂക്ലിയർ ആക്ടിവിസ്റ്റ് ലളിത രാംദാസ്, മുൻ മന്ത്രി മണി ശങ്കർ അയ്യർ, നർമദ ബചാവോ ആന്ദോളൻ നേതാവ് മേധ പട്കർ, എഴുത്തുകാരൻ കാഞ്ച ഐലയ്യ, അൻഹദ് പ്രതിനിധി ശബ്നം ഹാശ്മി, സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് തുടങ്ങി 40 ഓളം പ്രമുഖരാണ് നിവേദനത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.