മോദിയുടെ തട്ടകത്തിൽ എ.ബി.വി.പിയെ മലർത്തിയടിച്ച് എൻ.എസ്.യു(ഐ)
text_fieldsവാരാണസി: നരേന്ദ്ര മോദിയുടെ തട്ടകമായ വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠ് യൂനിവേഴ്സിറ്റിയിൽ സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു (ഐ)വിന് തകർപ്പൻ ജയം. തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി പോസ്റ്റുകളിലേക്ക് എ.ബി.വി.പി സ്ഥാനാർഥികളെ മലർത്തിയടിച്ചാണ് എൻ.എസ്.യുവിന്‍റെ മിന്നുംജയം.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സന്ദീപ് പാൽ വിജയിച്ചപ്പോൾ ജനറൽ സെക്രട്ടറി പോസ്റ്റിൽ പ്രഫുല്ല പാണ്ഡേയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് സമാജ്വാദി പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ സമാജ്വാദി ഛത്ര സഭ സ്ഥാനാർഥിയായ വിമലേഷ് യാദവ് ആണ് വിജയിച്ചത്. ഒരു പോസ്റ്റിലും എ.ബി.വി.പിക്ക് ജയം നേടാൻ കഴിഞ്ഞില്ലെന്നതാണ് തെരഞ്ഞെടുപ്പിലെ സവിശേഷത.
2017ലും കാശി വിദ്യാപീഠ് യൂനിവേഴ്സിറ്റിയിൽ എ.ബി.വി.പിക്കുമേൽ എൻ.എസ്.യു ജയം നേടിയിരുന്നു. മോദി പ്രതിനിധാനം ചെയ്യുന്ന വാരാണസി പാർലമെന്‍റ് മണ്ഡലത്തിൽ ബി.ജെ.പിയുടെ വിദ്യാർഥി സംഘത്തിനേറ്റ തിരിച്ചടി സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയാണ്. ഉത്തർപ്രദേശിലെ യുവജനങ്ങൾക്കിടയിൽ മാറിവരുന്ന മനോഭാവത്തിന്‍റെ സൂചനയാണ് എൻ.എസ്.യു വിജയമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മാറ്റം പ്രതിഫലിക്കുമെന്നാണ് അവരുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.