നെഹ്റുവിന്റെ പൈതൃകം തുടച്ചുമാറ്റരുത്; മോദിക്ക് മൻമോഹന്റെ കത്ത്
text_fieldsന്യൂഡൽഹി: തീൻമൂർത്തി സമുച്ചയത്തിെൻറ ഘടന മാറ്റുന്നതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ കത്ത്. മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ സ്മാരകമാണ് ഡൽഹിയിലെ തീൻമൂർത്തി ഭവൻ. ഇതു രാജ്യത്തെ എല്ലാ മുൻപ്രധാനമന്ത്രിമാരുടെയും മ്യൂസിയമാക്കി മാറ്റാനാണ് നീക്കം.
25 ഏക്കറിലുള്ള മ്യൂസിയം 280 കോടി രൂപയുടെ പദ്ധതി വഴി വിപുലപ്പെടുത്താനാണ് മോദി സർക്കാർ നീങ്ങുന്നത്. എന്നാൽ, ചരിത്രവും പൈതൃകവും മാനിക്കുന്ന വിധം ജവഹർലാൽ നെഹ്റു മ്യൂസിയം, ലൈബ്രറി സമുച്ചയം അതേപടി നിലനിർത്തണമെന്ന് മൻമോഹൻ സിങ് ആവശ്യപ്പെട്ടു.
രാജ്യനിർമിതിയിൽ പ്രധാന പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ സ്മരണക്ക് സമർപ്പിച്ചതാണ് തീൻമൂർത്തി ഭവൻ. എതിരാളികൾപോലും അംഗീകരിച്ച വ്യക്തിത്വമായിരുന്നു നെഹ്റു. അദ്ദേഹം മരണപ്പെട്ടപ്പോൾ മുൻപ്രധാനമന്ത്രി വാജ്പേയി പാർലമെൻറിൽ നടത്തിയ വികാരനിർഭരമായ പ്രസംഗം മൻമോഹൻ സിങ് കത്തിൽ ഒാർമിപ്പിച്ചു.
തീൻമൂർത്തി ഭവനിൽ ഇങ്ങനെയൊരു മഹാൻ ഇനി ഉണ്ടാവില്ലെന്നായിരുന്നു വാജ്പേയി പറഞ്ഞത്. പ്രതിപക്ഷത്തെയും ഒപ്പം കൂട്ടി മുന്നോട്ടുപോയ ഉൗർജസ്വല വ്യക്തിത്വമായിരുന്നു നെഹ്റുവെന്നും വാജ്പേയി പറഞ്ഞിരുന്നു. പൊതുവികാരം മാനിക്കാൻ മോദിയോട് മൻമോഹൻ അഭ്യർഥിച്ചു.
അതേസമയം, നെഹ്റു മ്യൂസിയത്തിൽ മുൻപ്രധാനമന്ത്രിമാരുടെ ചിത്രംവെക്കുകയും പ്രസംഗം ലഭ്യമാക്കുകയും ചെയ്താൽ നെഹ്റുവിെൻറ മാഹാത്മ്യം ചോരുന്നത് എങ്ങനെയാണെന്ന ചോദ്യമാണ് മ്യൂസിയം ഡയറക്ടർ ഡോ. ശക്തിസിൻഹ ഉയർത്തിയത്.
എല്ലാ പ്രധാനമന്ത്രിമാരെക്കുറിച്ചുമുള്ള വിവരങ്ങൾ അവിടെ ലഭ്യമാക്കുക വഴി മ്യൂസിയത്തിെൻറ പ്രാധാന്യം വർധിപ്പിക്കുകയാണ് ലക്ഷ്യം. അതുവഴി ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നെഹ്റുവിൽ മാത്രമായി പരിമിതപ്പെടുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ്രധാനമന്ത്രി വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിൻഹ 2016ലാണ് മ്യൂസിയം ഡയറക്ടറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.