നീരവ് മോദിക്കെതിരെ ഇൻറർപോളിെൻറ റെഡ് കോർണർ നോട്ടീസ്
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിൽ നീരവ് മോദിക്കെതിരെ ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ അംഗരാജ്യങ്ങളിൽ അഭയം തേടുന്ന കുറ്റവാളികളെ പിടികൂടാൻ അതാതു രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് സാധിക്കും. പ്രതിയെ സംബന്ധിച്ച വിവരങ്ങളും താമസിക്കുന്ന സ്ഥല വിവരങ്ങളും അതാതു രാജ്യങ്ങളുമായി പങ്കുവെക്കുകയും ചെയ്യും.
13,578 കോടിയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സി.ബി.ഐ നേരത്തെ ഇൻറർപോളിനോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് കേസിൽ മോദിയുടെ അമ്മാവൻ മെഹുൽ ചോസ്കിക്കെതിരെയും നോട്ടീസ് പുറപ്പെടുവിക്കാൻ സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് നടന്ന ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പ് കേസിൽ നീരവ് മോദി, മെഹുൽ ചോസ്കി, മോദിയുടെ സഹോദരൻ നിഷാൽ എന്നിവർക്കെതിരെ സി.ബി.െഎ മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിൽ വിചാരണക്കായി നീരവ് മോദിയേയും മെഹുൽ ചോസ്കിയേയും ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 15ന് സി.ബി.െഎ ഡിഫ്യൂഷൻ നോട്ടീസ് നൽകി. സാമ്പത്തിക കുറ്റവാളികളെ കൈമാറാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ബ്രിട്ടീഷ് അധികൃതർ നേരത്തെ ഇന്ത്യൻ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിനെ അറിയിച്ചിരുന്നു. ഇരുവരും ബ്രിട്ടനിൽ ഉണ്ടെന്നുള്ള വിവരവും ഇന്ത്യയെ അറിയിച്ചിരുന്നു.
സാമ്പത്തിക കുറ്റകൃത്യത്തിനു ശേഷം കഴിഞ്ഞ ജനുവരിയിലാണ് നീരവ് മോദിയും ബന്ധുക്കളും ഇന്ത്യയിൽ നിന്ന് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.