ഹരിയാന ബുൾഡോസർ രാജ് തടഞ്ഞ ഹൈകോടതി ബെഞ്ചിനെ മാറ്റി; കേസ് പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലും നടന്ന നിയമവിരുദ്ധമായ ഇടിച്ചുനിരത്തൽ സ്വമേധയാ കേസെടുത്ത് തടഞ്ഞ പഞ്ചാബ് ഹരിയാന ഹൈകോടതി ബെഞ്ചിനെ മാറ്റി. പ്രത്യേക സമുദായത്തെ മാത്രം തിരഞ്ഞുപിടിച്ച് നടത്തിയ ബുൾഡോസർ നടപടിയിലൂടെ വംശീയമായ ഉന്മൂലനമാണോ ലക്ഷ്യംവെക്കുന്നതെന്ന് ചോദിച്ച് ഹരിയാനയിലെ ബി.ജെ.പി സർക്കാറിനെ അതിരൂക്ഷമായി വിമർശിച്ച ജസ്റ്റിസുമാരായ ജി.എസ്. സന്ധാവാലിയ, ഹർപ്രീത് കൗർ ജീവൻ എന്നിവരടങ്ങുന്ന ബെഞ്ചിൽനിന്നാണ് കേസ് മാറ്റിയത്.
ജസ്റ്റിസുമാരായ അരുൺ പള്ളി, ജഗൻ മോഹൻ ബൻസൽ എന്നിവരടങ്ങുന്ന പുതിയ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.
വർഗീയ സംഘർഷത്തെ തുടർന്ന് നാല് ദിവസം തുടർച്ചയായി നടന്ന ഇടിച്ചുനിരത്തൽ പത്ര വാർത്തകളിലൂടെ കണ്ടാണ് ഹൈകോടതി ബെഞ്ച് സ്വയം ഇടപെട്ട് തടഞ്ഞത്. ഇടിച്ചുനിരത്തിയ വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്ക് സർക്കാറിനോട് ആവശ്യപ്പെട്ട് കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് അത്യന്തം നാടകീയമായി ബെഞ്ചിനെ മാറ്റിയത്.
അതിനിടെ, നൂഹിൽ നടന്ന വർഗീയ കലാപത്തിലെ പ്രതികളെന്ന് കരുതുന്ന രണ്ടുപേരെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയതായി പൊലീസ് പറഞ്ഞു. സഖോ ഗ്രാമത്തിലെ മലമ്പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് പൊലീസും ബൈക്കിലെത്തിയ പ്രതികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതത്രെ. പരസ്പരം നടന്ന വെടിവെപ്പിനൊടുവിൽ പ്രതികളെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതികളിലൊരാളുടെ കാലിന് പരിക്കേറ്റു. ഇവരിൽനിന്ന് തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇതേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ‘പ്രതികൾ രാജസ്ഥാനിൽനിന്ന് ബൈക്കിൽ നൂഹിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വാഹനപരിശോധന നടത്തിയിരുന്നു. പൊലീസ് സംഘത്തെക്കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസിനുനേരെ വെടിയുതിർക്കുകയും ചെയ്തു. പൊലീസ് തിരികെ വെടിവെച്ചപ്പോൾ പ്രതികളിലൊരാളുടെ കാലിൽ കൊള്ളുകയും നിലത്ത് വീഴുകയും ചെയ്തു. തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു’
വി.എച്ച്.പി വീണ്ടും നൂഹ് വഴി ജലാഭിഷേകയാത്രക്ക്
ഗുരുഗ്രാം: നൂഹ് സംഘർഷത്തെ തുടർന്ന് തടസ്സപ്പെട്ട ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര ഉടൻ പുനരാരംഭിക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത്. ശ്രാവൺ മാസം അവസാനിക്കുന്ന ആഗസ്റ്റ് 31ന് മുമ്പ് യാത്ര പൂർത്തിയാക്കേണ്ടതുണ്ടെന്ന് വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. യാത്രക്ക് സുരക്ഷയൊരുക്കണമെന്ന് ഹരിയാന സർക്കാറിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
യാത്ര തടസ്സപ്പെട്ടത് പലരുടെയും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 31ന് യാത്ര തുടങ്ങിയപ്പോഴുണ്ടായ സമൂഹമാധ്യമ പോസ്റ്റുകളാണ് നൂഹ് സംഘർഷത്തിൽ കലാശിച്ചത്. രാജസ്ഥാനിലെ ഭരത്പുരിൽ രണ്ടു മുസ്ലിംകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും വിവാദ പശു ഗുണ്ടയുമായ മോനു മനേസറിന്റെ വിഡിയോയും സംഘർഷത്തിന് വഴിതെളിച്ചു.
അതിനിടെ, ഹരിയാനയിലെ ഹിസാറിൽ സമാധാന ആഹ്വാനവുമായി ബുധനാഴ്ച നടന്ന മഹാപഞ്ചായത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.