ഹിന്ദുത്വ ഭീഷണി; ഗുരുഗ്രാമിൽ പലായനം
text_fieldsജീവിതമാർഗം തേടി യു.പിയിൽനിന്നും ബംഗാളിൽനിന്നും ബിഹാറിൽനിന്നുമെല്ലാം സൈബർ ഹബായ ഗുരുഗ്രാമിലേക്ക് കുടിയേറി നഗരപ്രാന്തങ്ങളിലെ ചേരികളിൽ കഴിയുന്ന ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങൾ വിദ്വേഷത്തിന്റെ തീനാളങ്ങളെ ഭയന്ന് തിരിച്ചുപോകുന്നു.
ബഹുരാഷ്ട്ര കമ്പനികളുടെ കണ്ണഞ്ചും കെട്ടിടങ്ങൾക്കു പിറകിലെ ഗല്ലികളിൽ ഓട്ടോറിക്ഷ ഓടിച്ചും തെരുവുകച്ചവടം നടത്തിയും വീട്ടുജോലി ചെയ്തും ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന ഇവർ, ഗുരുഗ്രാം വിട്ടുപോകണമെന്ന ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് പലായനം ചെയ്യുന്നത്.
വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ഭീഷണിയുണ്ടായത്. ബൈക്കുകളിൽ പുറത്തുനിന്നുവന്ന സംഘം പൊലീസ് സാന്നിധ്യത്തിലാണ് ഇവിടം വിട്ടുപോകാൻ ആവശ്യപ്പെട്ടതെന്ന് സെ്കടർ 70ൽ ഓട്ടോറിക്ഷ ഡ്രൈവറായ പശ്ചിമ ബംഗാൾ സ്വദേശി റഹ്മത് അലി പറഞ്ഞു. അല്ലെങ്കിൽ ചേരിക്ക് തീയിടുമെന്നാണ് ഭീഷണി. കുടുംബവുമായി ഭയപ്പാടോടെ കഴിയാനാകില്ലെന്നും അതുകൊണ്ട് ഗുരുഗ്രാം വിട്ടുപോകുകയാണെന്നും സാഹചര്യം മെച്ചപ്പെടുമ്പോൾ തിരിച്ചുവരുമെന്നും അലി കൂട്ടിച്ചേർത്തു.
വസീറാബാദ്, ഘട്ടാ ഗ്രാമം, സെക്ടർ 70 എ, ബാദ്ഷാപുർ എന്നിവിടങ്ങളിലെ ചേരികളിൽ താമസിക്കുന്ന ഒട്ടേറെ മുസ്ലിംകൾ ഭയം കാരണം നാട്ടിലേക്ക് മടങ്ങുന്നതായി പൊലീസ് തന്നെ സമ്മതിക്കുന്നു. ‘ചില തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സ്ഥിതി ശാന്തമാണ്. അവർ ഭയപ്പെടേണ്ടതില്ല. അവർക്ക് സുരക്ഷ ഉറപ്പുനൽകുന്നതായി’ ഡെപ്യൂട്ടി കമീഷണർ നിശാന്ത് കുമാർ യാദവ് വ്യക്തമാക്കി. എന്നാൽ, ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാൽ നഗരം വിടുകയല്ലാതെ മറ്റ് മാർഗമില്ലെന്നും പശ്ചിമ ബംഗാൾ സ്വദേശിയായ ഖാലിദ് പറഞ്ഞു. ഗുരുഗ്രാമിനോട് ചേർന്നുള്ള മനേസർ, ടീക്ലി, കസൻ അടക്കമുള്ള പ്രദേശങ്ങളിൽനിന്നും പലായനം നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സെക്ടർ 66ലും 70ലും മുസ്ലിം വ്യാപാര സ്ഥാപനങ്ങൾ അഗ്നിക്കിരയാക്കിയിരുന്നു. കലാപം റിപ്പോർട്ട് ചെയ്യാൻ വരുന്ന മാധ്യമപ്രവർത്തകർക്കും സംഘ് പരിവാർ പ്രവർത്തകരുടെ ഭീഷണിയുണ്ട്. ബുധനാഴ്ച ഗുരുഗ്രാം സെക്ടർ 70ൽ റിപ്പോർട്ടിങ്ങിനെത്തിയ ന്യൂസ്ലോണ്ടറി റിപ്പോർട്ടറെ ഒരു സംഘം തടഞ്ഞ് മതം ചോദിച്ചറിഞ്ഞശേഷമാണ് പോകാൻ അനുവദിച്ചത്.
സംഘർഷ സാധ്യത പരിഗണിച്ച് കോവിഡ് കാലത്ത് എങ്ങനെയാണോ നമസ്കാരം നിർവഹിച്ചത് അതുപോലെ വീടുകളിൽനിന്നും നിർവഹിക്കണമെന്ന് സ്ഥിതി ശാന്തമാകുന്നതു വരെ ജുമുഅ നമസ്കാരത്തിന് ഉൾപ്പെടെ പള്ളികളിലേക്ക് വരരുതെന്നും ജംഇയ്യത്തുൽ ഉലമ ഗുരുഗ്രാം പ്രസിഡന്റ് മുഫ്തി മുഹമ്മദ് സലീം കാസിം വിശ്വാസികളോട് അഭ്യർഥിച്ചു. പള്ളികളിലേക്ക് ജീവനക്കാരുൾപ്പെടെ ബന്ധപ്പെട്ട നാലോ അഞ്ചോ പേരിൽ കൂടുതൽ ആളുകൾ വരരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.