കേന്ദ്ര ന്യൂനപക്ഷ പദ്ധതികളിൽ ഫണ്ടും ഗുണഭോക്താക്കളുടെ എണ്ണവും കുറച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മിക്ക പദ്ധതികളുടെയും ഗുണഭോക്താക്കളുടെ എണ്ണവും അനുവദിക്കുന്ന ഫണ്ടും 2019-20 മുതൽ 2021 -22 വരെയുള്ള മൂന്ന് വർഷംകൊണ്ട് കുറഞ്ഞതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്‌സഭയിൽ എ.യു.ഡി.എഫ് എംപി എം. ബദറുദ്ദീൻ അജ്മലിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി പറയുകയായിരുന്നു ഇറാനി.
ചില പദ്ധതികൾക്കുള്ള ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചപ്പോൾ, ഫണ്ട് വിഹിതം കുറഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിനായി നടപ്പിലാക്കിയ കേന്ദ്ര പദ്ധതികൾക്ക് കീഴിൽ അനുവദിച്ച തുകയും ഗുണഭോക്താക്കളുടെ എണ്ണവുമാണ് ബദറുദ്ദീൻ അജ്മൽ ചോദിച്ചത്. .
ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, മുസ്‌ലിംകൾ, പാഴ്‌സികൾ, ജൈനർ എന്നിങ്ങനെ ആറ് പ്രമുഖ ന്യൂനപക്ഷ സമുദായങ്ങളാണ് രാജ്യത്തുള്ളത്. ഇവർക്കായി ആവിഷ്കരിച്ച നിരവധി സ്കോളർഷിപ്പുകളിലും കോച്ചിംഗ് സ്കീമുകളിലും ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞു.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള ഗുണഭോക്താക്കളുടെ എണ്ണം 2019-20ൽ 7.43 ലക്ഷമായിരുന്നത് 2021-22ൽ 7.14 ലക്ഷമായി കുറഞ്ഞു. അനുവദിച്ച ഫണ്ടാവട്ടെ, ഇക്കാലയളവിൽ 482.65 കോടിയിൽ നിന്ന് 465.73 കോടിയായി കുറഞ്ഞു. ഒമ്പതാം ക്ലാസ് മുതൽ പിഎച്ച്ഡി വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതാണ് ഈ സ്കീം. 2 ലക്ഷം രൂപയിൽ കൂടാതെ കുടുംബ വാർഷിക വരുമാനമുള്ളവരാണ് ഇതിന് അർഹരാവുക. ഈ സ്കീമിന് കീഴിലുള്ള 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കാണ്.
മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് സ്കീമിന് അനുവദിച്ച ഫണ്ട് 25 ശതമാനത്തോളം കുറഞ്ഞു. ഗുണഭോക്താക്കളുടെ എണ്ണം 2019-20ൽ 1,251 ആയിരുന്നത് 2021-22ൽ 1,075 ആയും ഫണ്ട് 100 കോടിയിൽ നിന്ന് 74 കോടിയുമായാണ് കുറച്ചത്. യുജിസി-നെറ്റ് അല്ലെങ്കിൽ ജോയിന്റ് സിഎസ്ഐആർ യുജിസി-നെറ്റ് പരീക്ഷ വിജയിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കാണ് പ്രസ്തുത ഫെലോഷിപ്പ് നൽകുന്നത്. കുടുംബ വരുമാനം പ്രതിവർഷം 6 ലക്ഷം രൂപയിൽ കൂടരുത്.
'നയാ സവേര' ഫെലോഷിപ്പ് പദ്ധതിയിൽ 2019-20ൽ 9,580 ആയിരുന്നു ഗുണഭോക്താക്കളുടെ എണ്ണം. എന്നാൽ, 2021-22ൽ 5,140 ആയി കുറഞ്ഞു. വിവിധ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാൻ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാത്ത ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ കോച്ചിംഗ് നൽകുന്നതാണ് ഈ സ്കീം.
9 മുതൽ 12 വരെ ക്ലാസുകളിലെ ന്യൂനപക്ഷ സമുദായങ്ങളിലെ പെൺകുട്ടികൾക്കുള്ള ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്‌കോളർഷിപ്പ് സ്കീമിൽ ഫണ്ട് വിനിയോഗം കഴിഞ്ഞ രണ്ട് വർഷമായി 165.20 കോടി രൂപയിൽ നിന്ന് 91.60 കോടി രൂപയായി കുറഞ്ഞു. കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്ത വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. ഈ പദ്ധതിക്ക് കീഴിലുള്ള ഗുണഭോക്താക്കളുടെ എണ്ണം 2019-20ൽ 2.95 ലക്ഷമായിരുന്നത് 2021-22ൽ 1.65 ലക്ഷമായി കുറച്ചു.
പദ്ധതികളിൽ ഗുണഭോക്താക്കൾ കൂടിയപ്പോൾ ഫണ്ട് വെട്ടിക്കുറച്ചു
ന്യൂനപക്ഷങ്ങൾക്കായുള്ള ചില പദ്ധതികളിൽ ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചപ്പോൾ അനുവദിച്ച ഫണ്ടുകൾ കുത്തനെ കുറഞ്ഞു. പ്രീ-മെട്രിക് സ്കോളർഷിപ്പ് സ്കീമിൽ മാത്രം 100 കോടിയുടെ കുറവാണ് വരുത്തിയത്. 2019-20 ൽ 1,424.56 കോടി രൂപ നൽകിയത് 2021-22 ൽ 1,329.17 കോടി രൂപയായാണ് കുറച്ചത്. അതേസമയം, പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 2019-20 ൽ 55.68 ലക്ഷത്തിൽ നിന്ന് 2021-22 ൽ 57.10 ലക്ഷമായി ഉയർന്നു. ഒമ്പതാം ക്ലാസ് മുതൽ പിഎച്ച്ഡി വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.
യുപിഎസ്‌സി, എസ്‌എസ്‌സി, പിഎസ്‌സി പരീക്ഷകളിൽ പങ്കെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അനുവദിച്ച 'നയി ഉഡാൻ' പദ്ധതിയിൽ ഫണ്ട് വെട്ടിക്കുറച്ചു. 2019-20 ൽ നൽകിയ 8.01 കോടി രൂപയിൽ നിന്ന് 2021-22 ൽ 7.97 കോടി രൂപയായാണ് കുറഞ്ഞത്. അതേസമയം, ഇതേ കാലയളവിൽ ഗുണഭോക്താക്കളുടെ എണ്ണം 1,539ൽ നിന്ന് 1,641 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.