കോളജുകളുടെ എണ്ണം: കേരളം പത്താമത്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും കൂടുതൽ കോളജുകളുള്ള ആദ്യ 10 സംസ്ഥാനങ്ങളിൽ കേരളവും. ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച 2020-21ലെ ദേശീയ സർവേയിലാണ് ഈ കണക്കുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോളജുകളുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്.
പിറകിലായി മഹാരാഷ്ട്രയും കർണാടകയുമുണ്ട്. ആദ്യ 10 സംസ്ഥാനങ്ങളിൽ രാജസ്ഥാൻ, തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, കേരളം എന്നിവയും ഉൾപ്പെടും.
18-23 പ്രായപരിധിയിലുള്ള ഒരുലക്ഷം പേർക്ക് ഏറ്റവും കൂടുതൽ കോളജുകളുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തുണ്ട്. ഒരു ലക്ഷത്തിന് 50 എണ്ണം എന്ന തോതിലാണ് കേരളത്തിൽ കോളജുകൾ. ഒരു ലക്ഷത്തിന് 62 കോളജുകളുമായി കർണാടകയാണ് ഒന്നാം സ്ഥാനത്ത്.
53 കോളജുകളുമായി തെലങ്കാന രണ്ടാം സ്ഥാനത്തുണ്ട്. കോളജുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള യു.പിയിൽ (8,114 കോളജ്), പക്ഷേ ഒരു ലക്ഷം വിദ്യാർഥികൾക്ക് 32 കോളജ് എന്ന തോതിലേ ഉള്ളൂ.കോളജുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് രണ്ടാമത്.
4,532 കോളജുകൾ. ലക്ഷത്തിന് 34 കോളജുകളാണ് തോത്. കർണാടകയിൽ 4,233 കോളജുകളാണുള്ളത്. രാജ്യത്തെ 43,796 കോളജുകളിൽ 8,903 സർക്കാർ കോളജുകളും 5,658 സ്വകാര്യ എയ്ഡഡ് കോളജുകളും 27,039 സ്വകാര്യ അൺ എയ്ഡഡ് കോളജുകളുമാണ്.
2020-21ൽ രാജ്യത്ത് 70 സർവകലാശാലകളും 1,453 കോളജുകളും പുതുതായി തുറന്നു. ഭൂരിഭാഗം കോളജുകളും ബിരുദതല പ്രോഗ്രാമുകൾ മാത്രമാണ് നടത്തുന്നതെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2.9 ശതമാനം കോളജിൽ പിഎച്ച്.ഡി പ്രോഗ്രാമും 55.2 ശതമാനം കോളജുകളിൽ ബിരുദാനന്തര പ്രോഗ്രാമുകളും നടത്തുന്നുണ്ട്.
രാജ്യത്തെ കോളജ് അധ്യാപകരുടെ എണ്ണം 15,51,070 ആണ്. ഇതിൽ 42.9 ശതമാനം വനിതകളാണ്. 2011 മുതൽ വിദ്യാഭ്യാസ മന്ത്രാലയം അഖിലേന്ത്യ ഉന്നത വിദ്യാഭ്യാസ സർവേ നടത്തുന്നുണ്ട്. വിദ്യാർഥികളുടെ എൻറോൾമെന്റ്, അധ്യാപകരുടെ വിവരങ്ങൾ, അടിസ്ഥാനസൗകര്യ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ മുതലായ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സർവേയിൽ ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.