നൂപുർ ശർമ്മക്ക് തോക്ക് ലൈസൻസ് ലഭിച്ചു; നിരന്തരം വധഭീഷണിയെന്ന്
text_fieldsന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമക്ക് തോക്ക് ലൈസൻസ് അനുവദിച്ചു. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ തന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൂപുർ ശർമ ലൈസൻസിന് അപേക്ഷിച്ചിരുന്നു. തുടർന്നാണ് തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ് ലഭിച്ചത്.
പ്രവാചകനെ നിന്ദിച്ച് നൂപുർ ശർമ നടത്തിയ പരാമർശം വിവാദമായിരുന്നു. 2022 മേയ് 26ന് നടന്ന ഒരു ടെലിവിഷൻ ചർച്ചക്കിടയാണ് നൂപുർ ശർമ്മ പ്രവാചകനെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ ആഗോളതലത്തിൽ തന്നെ പ്രതിഷേധമുയർന്നു. പിന്നാലെ ബി.ജെ.പി ഇവരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
സംഭവത്തിന് പിന്നാലെ തനിക്ക് നിരന്തരം വധഭീഷണി ലഭിക്കുകയാണെന്ന് നൂപുർ ശർമ പറയുന്നു. നൂപുർ ശർമയെയും വിവാദ പ്രസ്താവനയെ പിന്തുണച്ചവരെയും കഴുത്തറത്ത് കൊല്ലുമെന്നാണത്രെ ഭീഷണി. ഭീഷണി കണക്കിലെടുത്താണ് അവർക്ക് തോക്ക് ലൈസൻസ് നൽകിയത്.
മതവികാരം വ്രണപ്പെടുത്തിയതിന് നൂപുർ ശർമക്കെതിരെ പല സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാൽ സുപ്രീംകോടതി എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റിയിരുന്നു.
നൂപുർ ശർമ്മയുടെ വിവാദ പ്രസ്താവന പല സംസ്ഥാനങ്ങളിലും അക്രമങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. നൂപുർ ശർമയെ പിന്തുണച്ചതിന്‍റെ പേരിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരന്‍റെ തലയറുത്തതുൾപ്പെടെയുള്ള അക്രമ സംഭവങ്ങളും പിന്നീട് അരങ്ങേറി. എന്നാൽ, ഈ കേസിലെ പ്രതികൾ സംഘപരിവാർ ബന്ധമുള്ളവരാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.