പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതിന് പിന്നാലെ മോദിയുടെയും അമിത് ഷായുടെയും ഓഫിസിൽനിന്ന് വിളിച്ച് പിന്തുണ അറിയിച്ചതായി നൂപുർ ശർമ
text_fieldsന്യൂഡൽഹി: പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതിന് പിന്നാലെ പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഓഫീസുകളിൽനിന്ന് തന്നെ വിളിച്ചിരുന്നുവെന്ന് നുപൂർ ശർമ. പാർട്ടി അധ്യക്ഷനടക്കം മുതിർന്ന നേതാക്കളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരെല്ലാം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നുപൂർ വെളിപ്പെടുത്തി.
തീവ്ര ഹിന്ദുത്വ വക്താക്കളുടെ ന്യൂസ് പോർട്ടലായ ഓപ്ഇന്ത്യ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന നേതാക്കന്മാരോടെല്ലാം വലിയ നന്ദിയുണ്ടെന്നും നുപൂർ പറഞ്ഞു. അറബ് ലോകത്തുനിന്നുള്ള പ്രതിഷേധത്തെ തുടർന്ന് കണ്ണിൽപൊടിയിടാനായാണ് ബി.ജെ.പി നുപൂറിനെ പാർട്ടി പ്രാഥമിഗാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് അഭിമുഖം ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ വിമർശനം ഉന്നയിച്ചുകഴിഞ്ഞു. ബി.ജെ.പി പ്രവർത്തകരും അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
''ഇതെല്ലാം സംഭവിച്ച ശേഷം എന്നെ ആദ്യമായി വിളിച്ചത് ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽനിന്നായിരുന്നു. ജോലിത്തിരക്കിലായിട്ടും, ഡൽഹിക്കു പുറത്തായിട്ടും അദ്ദേഹത്തിന്റെ ഓഫീസ് ദിവസവും എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. വലിയ നന്ദിയുണ്ട് അതിന്.''- നുപൂർ പറഞ്ഞു.
''ആളുകൾ എന്തൊക്കെപ്പറഞ്ഞാലും ബഹുമാന്യനായ ആഭ്യന്തര മന്ത്രി അമിത് ഷാ പാർട്ടി വക്താവിന്റെ ആരോഗ്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആശങ്കാകുലനാണ്. പ്രത്യേകിച്ചും ഇത് എന്റെയും കുടുംബത്തിന്റെയും സുരക്ഷയുടെ കാര്യമാണ്. ശരിക്കും ഭീഷണിയാണിത്. പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നതുവരെ ഞാനതിനെ ഗൗരവമായി എടുത്തിരുന്നില്ല. ഡൽഹി പൊലീസ് കമ്മിഷണറെ കണ്ടിരുന്നു. എനിക്കെതിരെ വധഭീഷണിയുണ്ടെന്ന ഇന്റലിജൻസ് വിവരം അവർ പങ്കുവച്ചു. സോഷ്യൽ മീഡിയയയുടെ കാര്യം മാത്രമല്ല ഇത്.'' പാർട്ടി അധ്യക്ഷന്റെ ഓഫീസിൽനിന്നും തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും നുപൂർ വെളിപ്പെടുത്തി. ആദ്യമായി ബന്ധപ്പെട്ടവരിൽ ഒരാളായ ഗൗരവ് ഭാട്ടിയയോടും(ബി.ജെ.പി ദേശീയ വക്താവ്) നന്ദിയുണ്ട്. റസാ അക്കാദമി എനിക്കെതിരെ കേസ് നൽകിയ ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ച്, പേടിക്കേണ്ട, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണെങ്കിലും ആഭ്യന്തര മന്ത്രിയുടെ ഓഫീസാണെങ്കിലും പാർട്ടി അധ്യക്ഷന്റെ ഓഫീസാണെങ്കിലും മുതിർന്ന നേതാക്കളെല്ലാം എന്റെ പിന്നിലുണ്ടെന്നും നുപൂർ ശർമ കൂട്ടിച്ചേർത്തു.
അതേസമയം, പ്രവാചകനെ അധിക്ഷേപിച്ച കേസിൽ നുപൂർ ശർമക്ക് മുംബൈ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂൺ 22ന് മുംബൈ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകാനാണ് നിർദേശം. അവർക്ക് ഡൽഹിയിൽ വൻ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.