നൂപുർ ശർമയുടെ വാക്കുകൾ രാജ്യത്താകെ തീ പടർത്തി-സുപ്രീംകോടതി
text_fieldsന്യൂഡൽഹി: എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ലെന്നാണ് പഴമൊഴി. വരുംവരായ്കകളെ കുറിച്ച് ഓർക്കാതെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബി.ജെ.പി നേതാവ് നൂപുർ ശർമ നടത്തിയ പരാമർശം സുപ്രീംകോടതിയിലും വിമർശന വിധേയമായിരിക്കുന്നു. തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കവെ വീണ്ടുവിചാരമില്ലാതെ അവർ നടത്തിയ പരാമർശം രാജ്യത്താകെ തീ പടർത്തിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
1. അവർ ഭീഷണി നേരിടുകയാണോ? അതോ അവർ രാജ്യത്തിന് ഭീഷണിയായി മാറിയതാണോ? രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ ഏക കാരണം ആ സ്ത്രീയാണെന്ന് ജസ്റ്റിസ് സൂര്യ കാന്ത് അഭിപ്രായപ്പെട്ടു. നൂപുർ ശർമക്ക് ഭീഷണിയുണ്ടെന്ന് അവരുടെ അഭിഭാഷൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അത്.
2. അവർ ഇങ്ങനെയൊരു പരാമർശം നടത്താൻ പ്രേരിപ്പിക്കപ്പെട്ടത് എങ്ങനെയാണ് എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഞങ്ങൾ കണ്ടു. എല്ലാം പറഞ്ഞു കഴിഞ്ഞിട്ടു ഒടുവിൽ അവർ അഭിഭാഷകയാണെന്ന് പറയുന്നു. ഇത് ലജ്ജാകരണമാണ്. അവർ രാജ്യത്തോടു മുഴുവൻ മാപ്പു പറയണം-ജസ്റ്റിസ് സൂര്യ കാന്ത് ആവശ്യപ്പെട്ടു.
3. എന്തുകൊണ്ടാണ് ടെലിവിഷൻ ചാനലുകളിൽ ചർച്ച നടക്കുന്നത്. എന്താണ് ഈ വിഷയത്തിൽ ഡൽഹി പൊലീസ് ചെയ്തത്? ടെലിവിഷൻ ചർച്ചകളിൽ എന്താണുള്ളത്? നിങ്ങളുടെ ആൾക്കാരുടെ അജണ്ടയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം അവർ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
4. ചിലർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ നിങ്ങൾ അവരെ അറസ്റ്റ് ചെയ്യും. എന്നാൽ ഈ കേസിൽ ഇവരെ തൊടാൻ പോലും ആർക്കും ധൈര്യമില്ലെന്ന് നൂപുർ ശർമക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്ത കോടതി വിമർശിച്ചു.
5. നൂപുർ ശർമ ദുർവാശിയും അഹങ്കാരവും കാണിക്കുകയാണ്. അവർ ബി.ജെ.പിയുടെ വക്താവാണെങ്കിൽ എന്താണ്. അധികാരത്തിന്റെ പിൻബലമുണ്ടെങ്കിൽ നിയമവാഴ്ചയെ വെല്ലുവിളിച്ച് എന്തും പറയാമെന്നാണോ അവർ ധരിച്ചുവെച്ചിരുക്കുന്നത്. അവരുടെ വാക്കുകൾ രാജ്യത്താകെ തീ പടർത്തി. കോടതി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.