നവംബറിനകം നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: സ്വകാര്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാരുടെ അടിസ്ഥാന ശമ്പളം സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടേതിന് തുല്യമായ നിരക്കിൽ ഏകീകരിക്കണമെന്ന, കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ടിന്മേൽ സംസ്ഥാന സർക്കാറുകൾ നവംബറിനകം നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. ശമ്പളവർധന ആവശ്യപ്പെട്ട് കേരളത്തിൽ നഴ്സുമാർ നടത്തുന്ന സമരം ഗൗരവമുള്ളതാണെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. ശൂന്യവേളയിൽ ആേൻറാ ആൻറണി, കെ.സി. വേണുഗോപാൽ എന്നിവർ വിഷയം ഉന്നയിച്ചതിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
സുപ്രീംകോടതി വിധിയനുസരിച്ച് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി ശിപാർശപ്രകാരം 50ൽ കുറയാത്ത കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർക്ക് 20,000 രൂപയിൽ കുറയാത്ത ശമ്പളം നൽകണം. 200ൽ കുറയാത്ത കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്ന നഴ്സുമാരുടെ ശമ്പളം സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്സുമാരുടെ വേതനത്തിന് തുല്യമായിരിക്കണം. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരുടെ നിരക്കിനേക്കാള്‍ 10 ശതമാനത്തില്‍ കുറഞ്ഞ തുകയും 50 കിടക്കകളുള്ള ആശുപത്രികളില്‍ 25 ശതമാനത്തില്‍ കുറഞ്ഞ തുകയും പ്രതിമാസ ശമ്പളമായി ലഭിക്കണം. കമ്മിറ്റിയുടെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇൗ പശ്ചാത്തലത്തില്‍ അവ സംബന്ധിച്ച മാർഗരേഖ സംസ്ഥാന സര്‍ക്കാറുകള്‍ക്കായി അയച്ചു.
ഇത് നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാറുകളാണ്. ആവശ്യമെങ്കിൽ ഇതിനായി ചട്ടം രൂപവത്കരിക്കണം. നഴ്സുമാരുടെ ശമ്പളക്കാര്യത്തിൽ നിർദേശങ്ങൾ നൽകാൻ രണ്ടു സമിതികളെ കേന്ദ്ര സർക്കാർ നേരേത്ത നിയോഗിച്ചിരുന്നു. നഴ്സുമാരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാറിന് പ്രത്യേക താൽപര്യമുണ്ട്. ആവശ്യമെങ്കിൽ ഇടപെടും. സമിതി റിപ്പോർട്ടിന്മേൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നഴ്സിങ്ങില്‍ അംഗീകൃത യോഗ്യതയും തൊഴില്‍ പരിചയവുമുള്ള നഴ്സുമാര്‍ക്ക് ലഭിക്കുന്ന വേതനം അവിദഗ്ധ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ വളരെ കുറവാണെന്ന് ആേൻറാ ആൻറണി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ. രാഘവന്, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീർ, ജോസ് കെ. മാണി എന്നിവര്‍ പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.