നഴ്സിങ്, ഡന്റൽ കമീഷൻ ബിൽ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ നഴ്സിങ് കൗൺസിലിന് പകരം ദേശീയ നഴ്സിങ്-മിഡ്വൈഫറി കമീഷൻ, ഇന്ത്യൻ ഡന്റൽ കൗൺസിലിനു പകരം ദേശീയ ഡന്റൽ കമീഷൻ എന്നിവ സ്ഥാപിച്ച് ഘടനാപരമായ മാറ്റം കൊണ്ടുവരുന്നതിനുള്ള രണ്ട് ബില്ലുകൾ പാർലമെന്റിൽ. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ ദേശീയ മെഡിക്കൽ കമീഷനാക്കി മാറ്റിയതിന്റെ ചുവടുപിടിച്ചാണ് പുതിയ നിയമനിർമാണം.
ബില്ലുകൾ പാർലമെന്റ് പാസാക്കുന്നതോടെ നഴ്സിങ് കൗൺസിൽ ഇല്ലാതാകും. പകരം നാഷനൽ നഴ്സിങ് ആന്റ് മിഡ്വൈഫറി കമീഷൻ വരും. നഴ്സിങ് വിദ്യാഭ്യാസം, നഴ്സിങ് സ്ഥാപനങ്ങൾ, തൊഴിൽരംഗം എന്നിവയുടെ മേൽനോട്ടം കമീഷനായിരിക്കും. ഈ രംഗത്തെ സ്ഥാപനം തുടങ്ങാനും സീറ്റ് വർധിപ്പിക്കാനും മറ്റും കമീഷൻ അനുമതി നേടണം. ഇന്ത്യയിലെയും പുറത്തെയും സർവകലാശാലകൾ നൽകുന്ന ബിരുദത്തിന് കമീഷനാണ് അംഗീകാരം നൽകേണ്ടത്.
സാങ്കേതിക ഉപദേശം നൽകാൻ അഡ്വൈസറി കൗൺസിൽ രൂപവത്കരിക്കും. ഇതിനൊപ്പം മൂന്ന് സ്വയംഭരണ ബോർഡുകൾക്ക് രൂപം നൽകും. അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാഭ്യാസ ബോർഡ്, വിലയിരുത്തൽ-റാങ്കിങ് ബോർഡ്, ധാർമിക-രജിസ്ട്രേഷൻ ബോർഡ് എന്നിവയാണ് അവ.
ബിരുദ, ബിരുദാനന്തര കോഴ്സ് പ്രവേശനത്തിന് ഏകീകൃത സംവിധാനം കൊണ്ടുവരും. അവസാന വർഷ പരീക്ഷ കഴിയുന്ന മുറക്ക് പ്രാക്ടീസിന് ലൈസൻസ് നൽകും. ഇതിന് ദേശീയ-സംസ്ഥാന തലങ്ങളിൽ വെവ്വേറെ രജിസ്റ്റർ സൂക്ഷിക്കും. നഴ്സിങ്-മിഡ്വൈഫറി പ്രഫഷനലുകളുടെ പേരും വിലാസവും അടങ്ങുന്ന ഓൺലൈൻ രജിസ്റ്റർ തയാറാക്കും.
നഴ്സിങ്-മിഡ്വൈഫറി മേഖലയിൽ വിദഗ്ധരായ ചെയർമാനും 16 എക്സ്-ഒഫീഷ്യോ അംഗങ്ങളും 12 അംഗങ്ങളും ഉൾക്കൊള്ളുന്നതാണ് ദേശീയ കമീഷൻ. നാലു വർഷത്തേക്കാണ് നിയമനം. 65 വയസ്സു കഴിഞ്ഞവരെ പരിഗണിക്കില്ല.
നഴ്സിങ്-മിഡ്വൈഫറി കമീഷന്റെ അതേ മാതൃകയിൽതന്നെയാണ് ഡൻറൽ കമീഷനും രൂപവത്കരിക്കുക. ഉപദേശക കൗൺസിൽ, മൂന്ന് സ്വയംഭരണ ബോർഡുകൾ എന്നിവയും ഉണ്ടാകും. അതേസമയം ചെയർമാൻ, എട്ട് എക്സ് ഒഫീഷ്യോ അംഗങ്ങൾ, 24 പാർട്ട് ടൈം അംഗങ്ങൾ എന്നിവർ അടങ്ങുന്നതാണ് ഡന്റൽ കമീഷൻ. ഒച്ചപ്പാടുകൾക്കിടയിലാണ് രണ്ടു ബില്ലുകളും ലോക്സഭയിൽ വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.