'വിശദീകരിക്കാൻ അവസരം ലഭിച്ചില്ല'; മലയാളം സംസാരിക്കുന്നത് വിലക്കിയ സംഭവത്തിൽ നഴ്സിങ് സൂപ്രണ്ട് മാപ്പ് പറഞ്ഞു
text_fieldsന്യൂഡൽഹി: ജോലിക്കിടെ നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കുന്ന സർക്കുലർ പുറത്തിറക്കിയ സംഭവത്തിൽ ജി.ബി പന്ത് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് മാപ്പു പറഞ്ഞു. സംഭവം വൻ വിവാദമായതോടെ ആശുപത്രി അധികൃതർ സർക്കുലർ പിൻവലിച്ചിരുന്നു.
'പോസിറ്റീവായ നിലയിലാണ് സർക്കുലർ പുറപ്പെടുവിച്ചത്. മലയാളം സംസാരിക്കുന്ന സ്റ്റാഫുകൾക്കെതിരെ മോശം ഉദ്ദേശ്യം വെച്ചായിരുന്നില്ല അത്. സർക്കുലർ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. എനിക്ക് വിശദീകരിക്കാൻ അവസരം ലഭിച്ചില്ല. ഏതെങ്കിലും സ്റ്റാഫിന്‍റെ വികാരം വ്രണപ്പെട്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു' -നഴ്സിങ് സൂപ്രണ്ട് പറഞ്ഞു.
തങ്ങളുടെ അറിവോടെയല്ല സർക്കുലർ പുറത്തിറക്കിയതെന്നായിരുന്നു നേരത്തെ ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. ആശുപത്രിയുടെ വിവാദ ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം രംഗത്തെത്തിയിരുന്നു. മലയാളം മറ്റെല്ലാ ഇന്ത്യൻ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം നിർത്തണമെന്നുമായിരുന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
തൊഴിൽ സമയത്ത് നഴ്സിങ് ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നത് രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചാണ് ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതർ മലയാളത്തിന് വിലക്കേർപ്പെടുത്തി സർക്കുലർ ഇറക്കിയത്.
തൊഴിൽ സമയത്ത് ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.