തമിഴ്നാട്ടിൽ പന്നീര്‍സെൽവവും മന്ത്രിമാരും മാസപ്പടി വാങ്ങിയെന്ന് ആരോപണം
text_fieldsചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടപടി നേരിടുന്ന മണല്‍ ഖനന വ്യവസായി ശേഖര്‍ റെഡ്ഡിയില്‍നിന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീര്സെൽവും മന്ത്രിമാരും വൻ തോതിൽ മാസപ്പടി വാങ്ങിെയന്ന ആരോപണം സംസ്ഥാനത്ത് ചൂടുപിടിക്കുന്നു. മന്ത്രിമാരായ കെ.സി. കറുപ്പണ്ണൻ, എം.സി. സമ്പത്ത്, ഡി. ജയകുമാർ, ഡോ. വിജയഭാസ്കർ, ആര്.ബി. ഉദയകുമാര്‍, തങ്കമണി, ദിണ്ടിഗല്‍ ശ്രീനിവാസന്, ഡോ. വി. മൈത്രേയൻ എം.പി തുടങ്ങിയവരടക്കമുള്ള പ്രമുഖര്‍ മാസപ്പടി വാങ്ങിയെന്നാണ് ആരോപണം.
ജയലളിത ആശുപത്രിയിലായിരുന്നപ്പോൾ മുഖ്യമന്ത്രിപദവി ഏറ്റെടുത്ത പന്നീര്‍സെൽവം പണം വാങ്ങിെയന്നാണ് പ്രധാന ആരോപണം. ആദായ നികുതി വകുപ്പ് കണ്ടെത്തിയ ശേഖര്‍ റെഡ്ഡിയുടെ ഡയറിയില്‍ ഒ.പി.എസ്. അടക്കമുള്ള നേതാക്കള്‍ക്ക് പണം നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിവാദങ്ങളെ കുറിച്ച് എ.ഐ.എ.ഡി.എം.കെ. നേതാക്കൾ പ്രതികരിച്ചില്ല. സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം വേണമെന്നും ആരോപണവിധേയരായ മന്ത്രിമാരെ പുറത്താക്കണമെന്നും ഡി.എം.കെ. വര്‍ക്കിങ് പ്രസിഡൻറ് സ്റ്റാലിൻ ആവശ്യപ്പെട്ടു.അതേസമയം, തെൻറ വീട്ടില്‍നിന്ന് കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന ഡയറിയെക്കുറിച്ച് അറിയില്ലെന്ന് ശേഖര്‍ റെഡ്ഡി പ്രതികരിച്ചു. ഡയറി എഴുതുന്ന ശീലം തനിക്കില്ല. ഇപ്പോള്‍ പുറത്തുവന്ന ഡയറിയിലുള്ളത് തെൻറ കൈയക്ഷരമല്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ റെഡ്ഡിയുടെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും 98 കോടി രൂപയും 100 കിലോയോളം സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പിന്നാലെ അന്ന് ചീഫ് സെക്രട്ടറിയായിരുന്ന പി. രാമമോഹന റാവുവിെൻറ ഒാഫിസിലും ബന്ധുക്കളുടെ വീടുകളിലും നടന്ന പരിശോധനകളിൽ റെഡ്ഡി സഹോദരന്മാർക്ക് മണൽ ഖനനത്തിന് വഴിവിട്ട സഹായം ലഭിച്ചിരുന്നതായി തെളിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.