അശ്ലീല വിഡിയോ വിവാദം: എച്ച്.ഡി രേവണ്ണക്കെതിരെ തട്ടിക്കൊണ്ട്പോകൽ കേസ്
text_fieldsബംഗളൂരു: അശ്ലീല വിഡിയോ വിവാദവുമായി ബന്ധപ്പെട്ട് മുൻ കർണാടക മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണക്കെതിരെ തട്ടിക്കൊണ്ട്പോകൽ കേസ്. രേവണ്ണ തട്ടികൊണ്ട് പോയ സ്ത്രീയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്. തന്റെ അമ്മ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നുണ്ട്.
കെ.ആർ നഗർ പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. തന്റെ അമ്മ ആറ് വർഷക്കാലത്തോളം രേവണ്ണയുടെ വീട്ടിൽ ജോലി നോക്കിയിരുന്നു. പിന്നീട് ഗ്രാമത്തിലേക്ക് തിരിച്ചെത്തി ദിവസക്കൂലിക്ക് ജോലിക്ക് പോവുകയായിരുന്നു. ഇതിനിടെ ഏപ്രിൽ 23ന് എച്ച്.ഡി രേവണ്ണയുടെ ഭാര്യ പറഞ്ഞതനുസരിച്ച് വന്നതാണെന്ന് അറിയിച്ച് സതീഷ് ബാബണ്ണയെന്നയാളെത്തി അമ്മയെ കൂട്ടികൊണ്ട് പോയി. ഏപ്രിൽ 26നാണ് അമ്മ വീട്ടിൽ തിരിച്ചെത്തിയത്. പിന്നീട് ഏപ്രിൽ 29നെത്തി പഴയ ചില കേസുകൾ ചൂണ്ടിക്കാട്ടി അമ്മയെ വീണ്ടും കൊണ്ട് പോയെന്ന് കെ.ആർ നഗർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പറയുന്നുണ്ട്.
പിന്നീട് പ്രജ്വൽ രേവണ്ണയുടെ വിഡിയോകൾ പുറത്ത് വന്നപ്പോൾ തന്റെ അമ്മയുടെ ദൃശ്യങ്ങളും അതിലുണ്ടായിരുന്നു. ഇതിന് പിന്നാലെ അവരെ കാണാതാവുകയായിരുന്നുവെന്നും എച്ച്.ഡി രേവണ്ണയാണ് ഇതിന് പിന്നിലെന്നുമാണ് പരാതിയിൽപറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ എച്ച്.ഡി രേവണ്ണയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാബണ്ണയാണ് കേസിലെ രണ്ടാം പ്രതി.
എച്ച്.ഡി രേവണ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി പരിഗണിക്കാനിരിക്കെയാണ് ഇയാൾക്കെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്. മെയ് രണ്ടിന് ആരോപണങ്ങളിൽ പരിശോധന നടത്തുന്ന പ്രത്യേക അന്വേഷണസംഘം രേവണ്ണയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെങ്കിലും അദ്ദേഹം പോയിരുന്നില്ല. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാവാൻ സമൻസ് നൽകിയിരുന്നുവെങ്കിലും കേസിന് പിന്നാലെ ജർമ്മനിയിലേക്ക് മുങ്ങിയ പ്രജ്വലും ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.