പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; മോദിക്ക് കത്തയച്ച് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ലൈംഗികാതിക്രമ കേസിലെ പ്രതിയായ പ്രജ്വൽ രേവണ്ണയുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രജ്വലിന് നൽകിയിരിക്കുന്ന നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രജ്വലിന് ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ സിദ്ധരാമയ്യ ആവശ്യപ്പെടുന്നുണ്ട്.
നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് പ്രജ്വൽ രാജ്യം വിട്ടത് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്. നയതന്ത്ര പാസ്പോർട്ട് പ്രജ്വൽ രേവണ്ണ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. കേസിൽ ഇരകൾക്ക് നീതി ഉറപ്പാക്കാനായി കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ലുക്ക് ഔട്ട് നോട്ടീസും ബ്ലു കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടും രേവണ്ണയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സാധിക്കാത്തത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതീവഗൗരവത്തോടെ ഇക്കാര്യം പരിഗണിക്കണം. നിയമസംവിധാനങ്ങളോട് സഹകരിക്കാത്ത സമീപനമാണ് പ്രജ്വൽ രേവണ്ണ തുടരുന്നത്. ഈയൊരു സാഹചര്യത്തിൽ രേവണ്ണയുടെ പാസ്പോർട്ട് റദ്ദാക്കാൻ ഉടൻ നടപടിയുണ്ടാകണമെന്നാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്.
അതേസമയം, പ്രജ്വൽ രേവണ്ണയുടെ പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാർ വിദേശകാര്യമന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്. ഇത് വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണക്കെതിരെ കർണാടക സർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേവണ്ണ ഇന്ത്യ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.