ഒ.സി.ഐ കാർഡുള്ളവരുടെ തബ്ലീഗ്, മാധ്യമ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം
text_fieldsന്യൂഡൽഹി: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് ഉടമകൾ മിഷനറി, തബ്ലീഗ്, മാധ്യമ, ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാറിെൻറ പ്രത്യേകാനുമതി വാങ്ങണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ നിർദേശിച്ചു.
മറ്റൊരു രാജ്യത്തിെൻറ പാസ്പോർട്ട് കൈവശമുള്ള, ഇന്ത്യൻ പൗരനല്ലാത്തവരാണ് ഒ.സി.ഐ കാർഡ് ഉടമകൾ. ആഭ്യന്തര വിമാനയാത്രക്ക് ഈ കാർഡുള്ളവർക്ക് ഇന്ത്യൻ പൗരന്മാർ നൽകുന്ന ചാർജ് നൽകിയാൽ മതി. പാർക്ക്, ദേശീയ സ്മാരകങ്ങൾ, മ്യൂസിയങ്ങൾ എന്നിവ സന്ദർശിക്കുേമ്പാഴും ഇന്ത്യക്കാർക്കുള്ള തുല്യ നിരക്കായിരിക്കും. ഏതൊരാവശ്യത്തിനും ഇന്ത്യ സന്ദർശിക്കാനും പലവട്ടം വന്നുപോകുന്നതിനും ആജീവനാന്ത വിസ ഒ.സി.ഐ കാർഡ് ഉടമകൾക്കുണ്ട്. എന്നാൽ മിഷനറി, തബ്ലീഗ്, മാധ്യമ, ഗവേഷണ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽനിന്നോ ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസറുടെ പക്കൽനിന്നോ സ്പെഷൽ പെർമിറ്റ് വാങ്ങണമെന്നാണ് ആഭ്യന്തര മന്ത്രാലയ നിർദേശം.
ഇന്ത്യയിലെ ഏതെങ്കിലും വിദേശ നയതന്ത്ര കാര്യാലയത്തിലോ വിദേശ ഭരണകൂട സ്ഥാപനങ്ങളിലോ തൊഴിലെടുക്കാനും പരിശീലനം നേടാനും പ്രത്യേക അനുമതി ആവശ്യമാണ്. സംരക്ഷിത, നിയന്ത്രിത, നിരോധിത മേഖലകൾ സന്ദർശിക്കുന്നതിനും പ്രത്യേകാനുമതി വേണം.
ഇന്ത്യയിൽ എത്രകാലം തങ്ങുന്നതിനും ഒ.സി.ഐ കാർഡുള്ളവർ ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. എന്നാൽ, സ്ഥിരം മേൽവിലാസത്തിലോ തൊഴിലിലോ മാറ്റമുണ്ടെങ്കിൽ ഇ-മെയിലിൽ ഓഫിസിനെ വിവരം അറിയിച്ചിരിക്കണം. ഇന്ത്യൻ കുട്ടികളെ ദത്തെടുക്കുന്നതിന് പ്രവാസി ഇന്ത്യക്കാർക്കു തുല്യമായ അവസരങ്ങളുണ്ട്. നീറ്റ്, ജെ.ഇ.ഇ തുടങ്ങിയ പ്രവേശന പരീക്ഷകളുടെ കാര്യത്തിലും തുല്യാവസരം ലഭ്യമാണ്. എന്നാൽ, പ്രവാസി ഇന്ത്യക്കാർക്ക് നീക്കിവെച്ച സീറ്റിൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. ഇന്ത്യൻ പൗരന്മാർക്കു മാത്രമായി നീക്കിവെച്ച സീറ്റിന് അർഹതയുണ്ടായിരിക്കില്ല.
കാർഷികേതര സ്ഥാവര സ്വത്ത് വാങ്ങാൻ ഒ.സി.ഐ കാർഡ് ഉടമകൾക്ക് അനുവാദമുണ്ട്. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് തുടങ്ങിയ തൊഴിലുകളാവാമെന്നും വിജ്ഞാപനത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.