ഒാഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല - രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും കെടുതി വിതച്ച ഒാഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരം പറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു. ദുരന്ത സാഹചര്യം അതീവ ഗുരുതരമായി കാണുന്നു. കേന്ദ്രസംഘം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാത്രം സാമ്പത്തികസഹായ പാേക്കജ് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒാഖി ദുരന്തം മുൻനിർത്തി ലോക്സഭയിൽ നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി. കേരളത്തിന് ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബർ 30നാണ് നൽകിയതെന്ന് രാജ്നാഥ് സിങ് സമ്മതിച്ചു. നവംബർ 28ന് കനത്തമഴക്ക് സാധ്യതയുണ്ടെന്നും 29ന് ന്യൂനമർദം സംബന്ധിച്ച മുന്നറിയിപ്പുമാണ് നൽകിയത്. 1925ന് ശേഷം ആദ്യമായാണ് കേരളത്തിൽ ഇത്തരമൊരു ചുഴലിക്കാറ്റ് ഉണ്ടാകുന്നത്. പ്രത്യേകതരത്തിലുള്ള ചുഴലിക്കാറ്റായിരുന്നതിനാലാണ് മുന്നറിയിപ്പ് നൽകാൻ കാലതാമസം നേരിട്ടത്. കേരളത്തിൽ 74 പേർ മരിച്ചു. 215 പേരെ കണ്ടെത്താനുണ്ട്. പ്രതിരോധസേനയും 18 കപ്പലുകളും തിരച്ചിൽ നടത്തുന്നുണ്ട്. കേന്ദ്രം നൽകിയ മുന്നറിയിപ്പ് കേരളം അവഗണിച്ചതാണ് ദുരന്തവ്യാപ്തി കൂട്ടിയതെന്ന ആരോപണം പിണറായി സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിൽ കേന്ദ്രത്തിെൻറ പുതിയ വിശദീകരണം സംസ്ഥാനത്തിന് ആശ്വാസമായി.
അതേസമയം, ഒാഖി ദുരന്തത്തെക്കുറിച്ച് നടന്ന ചർച്ച പ്രതിപക്ഷ പ്രതിഷേധത്തിലും കോൺഗ്രസ് അംഗങ്ങളുടെ ഇറങ്ങിപ്പോക്കിലും കലാശിച്ചു. എം.പിമാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയാറാകാത്തതിൽ പ്രതിഷേധിച്ചും ദുരിതാശ്വാസത്തിൽ പക്ഷപാതം കാട്ടുന്നുെവന്നും കുറ്റപ്പെടുത്തിയാണ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇറങ്ങിപ്പോയത്. ഒാഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ചുഴലിക്കാറ്റ് അറിയിക്കുന്നതിൽ വീഴ്ചയുണ്ടായത് പ്രത്യേകസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുക, അടിയന്തര നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് എം.പിമാർ ഉന്നയിച്ചത്. എന്നാൽ, മറുപടി പ്രസംഗത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇത് അംഗീകരിക്കാൻ തയാറായില്ല.
ദുരന്തത്തിൽ കൂടുതൽ നാശം നേരിട്ട കേരളത്തിൽ ദേശീയ ദുരിത നിവാരണ സേനയുടെ മൂന്ന് ടീമും തമിഴ്നാട്ടിൽ നാലു ടീമും ആണ് എത്തിയത്. എന്നാൽ, ദുരന്തമൊന്നും ഉണ്ടായില്ലെങ്കിലും ഗുജറാത്തിലേക്ക് ആറ് സംഘത്തെയാണ് അയച്ചതെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ഒാഖി ചുഴലിക്കാറ്റ് വിവരം മുൻകൂട്ടി അറിയിക്കുന്നതിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വീഴ്ചവരുത്തിയതായി കാണിച്ച് കെ.സി. വേണുഗോപാൽ എം.പിയാണ് ചർച്ചക്ക് തുടക്കമിട്ടത്. കേരള സർക്കാർ ആവശ്യപ്പെട്ട 7348 കോടി പാക്കേജ് അനുവദിക്കണമെന്ന് കെ. കരുണാകരൻ എം.പിയും ആവശ്യപ്പെട്ടു. ലക്ഷദ്വീപിൽ ആളപായമില്ലെങ്കിലും വൻ നാശനഷ്ടമാണ് ഉണ്ടായതെന്നും അവിടത്തെ എം.പി മുഹമ്മദ് ഫൈസലും ചർച്ചയിൽ വ്യക്തമാക്കി.
കേന്ദ്രസംഘം 26ന് എത്തും
തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം ഡിസംബർ 26ന് സംസ്ഥാനെത്തത്തും. ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറി വിപിൻ മാലിക്കിെൻറ നേതൃത്വത്തിലെ സംഘത്തിൽ ദുരന്തനിവാരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ഉണ്ടാകും. ഇതുസംബന്ധിച്ച അറിയിപ്പ് ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ദുരന്തനിവാരണ സെൽ എന്നിവർക്ക് ലഭിച്ചതായി ഫിഷറീസ് മന്ത്രിയുടെ ഒാഫിസ് അറിയിച്ചു. 29 വരെ കേരളത്തിൽ സന്ദർശനം നടത്തുന്ന സംഘം തീരമേഖലയിലെ നാശനഷ്ടങ്ങൾ വിലയിരുത്തും. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായും ചർച്ചനടത്തും. സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം അതിന് ശേഷമാകും തീരുമാനിക്കുക. നേരത്തെ 7340 കോടിയുടെ സമഗ്ര പാക്കേജും അടിയന്തരസഹായമായി 422 കോടി രൂപയും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.