ഒാഖി: സാമ്പത്തിക സഹായം തേടി പ്രധാനമന്ത്രിക്ക് തമിഴ്നാട് കത്തയച്ചു
text_fieldsചെന്നൈ: ഒാഖി ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം നേരിട്ട മേഖലയുടെ പുനരുദ്ധാരണത്തിന് സാമ്പത്തിക സഹായം തേടി പ്രധാനമന്ത്രിക്ക് തമിഴ്നാട് സർക്കാർ കത്തയച്ചു. ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശം സംഭവിച്ചത് കന്യാകുമാരി ജില്ലയിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അയച്ച കത്തിൽ വ്യക്തമാക്കുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സാമ്പത്തിക സഹായം നൽകണമെന്നാണ് സർക്കാറിന്‍റെ ആവശ്യം.
കേരള, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ തമിഴ്നാട്ടിൽ നിന്നുള്ള ധാരാളം മത്സ്യത്തൊഴിലാളികൾക്ക് താമസവും മറ്റ് സൗകര്യങ്ങളും നൽകുന്നുണ്ട്. ഇതിൽ തമിഴ്നാട് സർക്കാറിനുള്ള നന്ദി മുഖ്യമന്ത്രി പളനിസ്വാമി കത്തിലൂടെ അറിയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള നിരവധി മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താൻ നാവികസേന നടത്തുന്ന തിരച്ചിൽ കന്യാകുമാരി മുതൽ ഗുജറാത്ത്, മാലിദ്വീപ് വരെയുള്ള കടൽ മേഖലയിൽ ഊർജിതമാക്കണം.
ദുരന്തത്തിൽ ഊർജ മേഖല, ഹോർട്ടികൾച്ചർ, കൃഷി അടക്കം കാർഷികം, റോഡ് ശൃംഖല, മത്സ്യബന്ധനം, കുടിവെള്ള വിതരണം അടക്കമുള്ള മേഖലകൾ താറുമാറായിട്ടുണ്ട്. സംസ്ഥാനത്തുള്ള നഷ്ടത്തിന്‍റെ കണക്കുകൾ വിശദമായി കേന്ദ്രത്തിന് സമർപ്പിക്കും. ഇതിന് മുന്നോടിയായി അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും കത്തിൽ പളനിസ്വാമി ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.