മുതലയുടെ തലക്കടിച്ച്, കൂട്ടുകാരിയെ രക്ഷിച്ച് കുഞ്ഞു ടിക്കി
text_fieldsകേന്ദ്രപ്പാറ (ഒഡിഷ): വായ് പിളർന്ന് കൂട്ടുകാരിയെ മരണത്തിലേക്ക് കടിച്ചുപറിക്കാനൊരുങ്ങിയ മുതലയെ ഒാടിച്ചുവിട്ട് ആറു വയസ്സുകാരിയുടെ അസാമാന്യ ധീരത. ഒഡിഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ വിദൂരഗ്രാമമായ ബങ്കുവാലയിലെ തടാകത്തിൽ കുളിക്കുന്നതിനിടെയാണ് സംഭവം.
ടിക്കി ദലായ് എന്ന പെൺകുട്ടിയാണ് കൂട്ടുകാരിയായ ബസന്തി ദലായിയെ മുതലയിൽനിന്ന് രക്ഷിച്ച് വീരനായികയായത്. കൈയിലും തുടയിലും പരിക്കേറ്റ ബസന്തി ചികിത്സയിലാണ്.
ചൊവ്വാഴ്ചയാണ് സംഭവം. ഇരുവരും കുളിക്കുന്നതിനിടെ ഒരു മുതല ഇഴഞ്ഞെത്തി ബസന്തിയെ ആക്രമിക്കുകയായിരുന്നു. ബസന്തിയുടെ നിലവിളി കേട്ട ടിക്കി മുളവടിയെടുത്ത് മുതലയുെട തലക്കടിച്ചു. ഇരയെ പിടിച്ച മുതല ആ കുഞ്ഞുപ്രഹരത്തിൽ ‘പകച്ചുപോയി’. ബസന്തിയെ വിട്ട മുതല ഉടൻ സ്ഥലം കാലിയാക്കി. പിന്നീട് നാട്ടുകാരെത്തി ബസന്തിയെ ആശുപത്രിയിലാക്കി.പെെട്ടന്നായിരുന്നു ആക്രമണമെന്നതിനാൽ പ്രതികരിക്കാൻ സമയം കുറവായിരുന്നെന്ന് വീരനായികയായ ടിക്കി പറയുന്നു. തൊട്ടടുത്തുണ്ടായിരുന്ന വടി കൂട്ടുകാരിയെ രക്ഷപ്പെടുത്തിയെന്നും ടിക്കി പറഞ്ഞു. ഇൗ ധീരതയെ നാട് മുഴുവൻ വാഴ്ത്തുകയാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് പ്രദീപ് കുമാർദാസ് പറഞ്ഞു. ബസന്തിയുടെ ചികിത്സാ ചെലവ് സംസ്ഥാന വനംവകുപ്പ് വഹിക്കുമെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസർ ബിമൽ പ്രസന്ന ആചാര്യ അറിയിച്ചു. ചട്ടപ്രകാരമുള്ള നഷ്ടപരിഹാരവും നൽകും. മുതല ശല്യമുള്ളയിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ വെച്ചിട്ടും നാട്ടുകാർ ഗൗനിക്കുന്നില്ലെന്ന പരാതി വനം ഉദ്യോഗസ്ഥർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.