ഒഡിഷ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് നവീൻ പട്നായക്; 12 പുതുമുഖങ്ങളും അഞ്ചു വനിതകളും
text_fieldsഭുവനേശ്വർ: ഒഡിഷയിൽ 13 പുതിയ എം.എൽ.എമാരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി നവീൻ പട്‌നായക് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 12 പുതുമുഖങ്ങൾക്കും അഞ്ചു സ്ത്രീകൾക്കും അവസരം നൽകി. എട്ടു പേരെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായും നിയമിച്ചു. അഞ്ചു വനിതകളിൽ പ്രമീള മല്ലിക്, ഉഷാദേവി, ടുകുനി സാഹു എന്നിവർക്ക് കാബിനറ്റ് റാങ്ക് നൽകി. ശനിയാഴ്ച സംസ്ഥാനത്തെ 20 മന്ത്രിമാരും രാജിവെച്ച് പുനഃസംഘടനക്ക് വഴിയൊരുക്കിയിരുന്നു.
ആഭ്യന്തരം, പൊതുഭരണം, പെൻഷൻ, പൊതുജന പരാതിപരിഹാരം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. നിരഞ്ജൻ പൂജാരിയെ ധനമന്ത്രിയായി വീണ്ടും നിയമിച്ചു. എസ്.സി-എസ്.ടി വികസനം, ന്യൂനപക്ഷ, പിന്നാക്ക വിഭാഗ ക്ഷേമം എന്നീ വകുപ്പുകൾ ജഗന്നാഥ് സാരക തുടർന്നും വഹിക്കും. നിയമ വകുപ്പിന്റെ അധിക ചുമതലയും ഇദ്ദേഹത്തിന് നൽകി. നേരത്തേ ഭക്ഷ്യ വിതരണ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ആർ.പി. സ്വെയ്‌ന് കൃഷി, കർഷക ശാക്തീകരണം എന്നിവയുടെ ചുമതല നൽകി. എൻ.കെ. ദാസാണ് ആരോഗ്യമന്ത്രി. ടി.കെ. ബെഹ്റ കായിക മന്ത്രിയാകും.
ആദ്യമായാണ് പട്‌നായക് തന്റെ മന്ത്രിസഭയിൽ 21 മന്ത്രിമാരെ നിയമിക്കുന്നത്. മുൻ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഒമ്പതു പേർക്കു മാത്രമാണ് വീണ്ടും അവസരം നൽകിയത്. ഭുവനേശ്വറിലെ ലോക് സേവാഭവനിലെ പുതിയ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഗവർണർ ഗണേഷി ലാൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
2024ൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് പട്‌നായക് ചെറുപ്പക്കാർക്ക് അവസരം നൽകിയിരിക്കുന്നത്. തുടർച്ചയായി അഞ്ചാം തവണയും നവീൻ പട്‌നായക് മുഖ്യമന്ത്രിയായി മൂന്നുവർഷം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് ഒഡിഷയിലെ മന്ത്രിസഭ പുനഃസംഘടന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.