വെള്ളപ്പൊക്കം: ഒഡിഷയിൽ 4.67 ലക്ഷം ദുരിത ബാധിതർ
text_fieldsന്യൂഡൽഹി: ഒഡിഷയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ദുരിതം വിതക്കുന്നു. ദുരന്തനിവാരണ സേനയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പത്ത് ജില്ലകളിലായി 4.67 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 1,757 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ബുധനാഴ്ച വരെ 60,000 ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും കൂടുതൽ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാർപ്പിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
425 ഗ്രാമങ്ങളിൽ നിന്നായി 2.5 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. സംബൽപൂർ, സുബർണാപൂർ, ബൗധ്, കട്ടക്ക്, ഖുർദ, ജഗത്സിങ്പൂർ, കേന്ദ്രപാര, പുരി എന്നിവിടങ്ങളിൽ നിരവധി കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. ഖോദ്ര ജില്ലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിൽ എൻ.ഡി.ആർ.പി, ഒ.ഡി.ആർ.എ.എഫ് എന്നിവരുടെ ഒമ്പത് യൂനിറ്റുകളും അഗ്നിശമന സേനയുടെ 44 സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായി അധികൃതർ അറിയിച്ചു. അതേസമയം, വ്യാഴാഴ്ച മുതൽ പ്രദേശത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും അപകടസാധ്യതപ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കാനും ജില്ല കലക്ടർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ നിരവധി റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.