ജെ.ഇ.ഇ നീറ്റ് പരീക്ഷകൾക്ക് ഗതാഗത- താമസ സൗകര്യങ്ങൾ സൗജന്യമെന്ന് ഒഡീഷ സർക്കാർ
text_fields
ഭുവനേശ്വർ: ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്ക് ഹാജരാകുന്ന നിർദ്ധനരായ വിദ്യാർഥികൾക്ക് ഗതാഗതവും താമസസൗകര്യം സൗജന്യമായി ഒരുക്കിനൽകാൻ തീരുാമനിച്ചതായി ഒഡീഷ സർക്കാർ. കോവിഡ് മാഹമാരിയെ കൂടാതെ സംസ്ഥാനം പ്രളയ കെടുതിയും നേരിടുന്നതിനാൽ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നവീൻ പട്നായിക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കത്ത് ൻൽകിയിരുന്നു. എന്നാൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പരീക്ഷ നടക്കാനിരിക്കെ പ്രളയ ബാധിത പ്രദേശങ്ങളിലെയും നിർധന കുടുംബങ്ങളിലെയും വിദ്യാർഥികൾക്ക് ഗതാഗത-താമസസൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് ചീഫ് സെക്രട്ടറി അസിത് കുമാർ ത്രിപാഠി അറിയിച്ചു.
ഒഡീഷയുടെ പകുതിയോളം പ്രദേശങ്ങളിൽ പ്രളയം നാശം വിതച്ചതിനാൽ പൊതുഗതാഗത സൗകര്യമില്ല. പൊതുഗതാഗതമില്ലാത്തത് വിദ്യാർഥികൾക്ക് പരീക്ഷ സെൻററുകളിലെത്താൻ ബുദ്ധിമുട്ടുണ്ടാക്കും.
സംസ്ഥാനത്തെ ഏഴ് നഗരങ്ങളിലെ 26 കേന്ദ്രങ്ങളിലായി 37,000 പേരാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതുക.പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക്പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടുകൾ, എഞ്ചിനീയറിങ് കോളേജുകൾ, ഐ.ടി.ഐകൾ എന്നിവിടങ്ങളിൽ സൗജന്യ താമസ സൗകര്യം ഒരുക്കുമെന്ന് ചീഫ് സെക്രട്ടറി ത്രിപാഠി അറിയിച്ചു. അപേക്ഷകരെ സ്വന്തം ഗ്രാമത്തിൽ നിന്ന് പരീക്ഷ സെൻററിലേക്ക് കൊണ്ടുപോകാൻ സർക്കാർ ബസുകൾ നൽകും.
ഓരോ ജില്ലയിലെയും കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു ഐ.ടി.ഐയെ നോഡൽ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും യാത്രക്ക് യാതൊരു തടസവുമില്ലാതിരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് കാണിച്ചുകൊണ്ട് അപേക്ഷകർക്കും അവരുടെ മാതാപിതാക്കൾക്കും സെൻററിലേക്ക് സൗജന്യമായി പോകാം.
ജെ.ഇ.ഇ സെപ്റ്റംബർ ഒന്നു മുതൽ ആറ് വരെയാണ് നടക്കുക. നീറ്റ് പരീക്ഷ സെപ്റ്റംബർ 13 നും നടക്കും. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യെപ്പട്ട് 11 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.