അഗ്നിവീറുകൾക്ക് 10 ശതമാനം തൊഴിൽ സംവരണം ഏർപ്പെടുത്തി ഒഡിഷ
text_fieldsഭുവനേശ്വർ: സൈന്യത്തിലെ അഗ്നിവീർ തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് യൂണിഫോം ജോലികളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തി ഒഡിഷയിലെ ബി.ജെ.പി സർക്കാർ. ഇവർക്ക് കായികക്ഷമത പരീക്ഷയും ഒഴിവാക്കും. സേവനം അവസാനിപ്പിക്കുന്ന അഗ്നിവീറുകൾക്ക് പൊലീസ്, ഫോറസ്റ്റ്, എക്സൈസ്, ഫയർഫോഴ്സ് തുടങ്ങിയ യൂണിഫോം തസ്തികകളിൽ അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
സൈന്യത്തിലേക്കുള്ള കരാർ നിയമന പദ്ധതിയാണ് അഗ്നിപഥ്. ഇതുവഴി നിയമനം നേടുന്നവരാണ് അഗ്നിവീറുകൾ. സൈന്യത്തിലെ സ്ഥിരം നിയമനം ഒഴിവാക്കി കരാർവത്കരണം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യുവാക്കൾക്കിടയിൽ ഇപ്പോഴും കടുത്ത അസംതൃപ്തി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിരമിക്കുന്ന അഗ്നിവീറുകൾക്ക് തൊഴിൽസംവരണവുമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ രംഗത്തെത്തുന്നത്.
ഹരിയാന സർക്കാർ നേരത്തെ വിവിധ സർക്കാർ തസ്തികകളിൽ അഗ്നിവീറുകൾക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചിരുന്നു. സൈനിക സേവനം പൂർത്തിയാക്കുന്ന അഗ്നിവീറുകൾക്ക് വിവിധ സർക്കാർ വകുപ്പുകളിൽ നിയമനം നൽകുമെന്ന് ഉത്തരാഖണ്ഡ് സർക്കാറും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ അർധസൈനിക വിഭാഗങ്ങളിലും അഗ്നിവീറുകൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
കര, നാവിക, വ്യോമസേനകളിൽ നാല് വർഷത്തേക്കാണ് അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീറുകളെ നിയമിക്കുക. സേവനകാലയളവിനുശേഷം അഗ്നിവീർ സേനാംഗങ്ങളിൽ 25 ശതമാനത്തെ സേന നിലനിർത്തും. ബാക്കിയുള്ളവരെ ഒഴിവാക്കുകയും ചെയ്യും. ഇത് വ്യാപക തൊഴിലില്ലായ്മയ്ക്ക് വഴിയൊരുക്കുമെന്ന് ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.