ഭാര്യയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമന്ന് ബാലകൃഷ്ണ; സഹായിക്കേണ്ടവർ നോക്കുകുത്തികളായി
text_fieldsകാന്ധമാൽ: പ്രിയതമയുടെ ചലനമറ്റ ശരീരം ആംബുലൻസിലേക്ക് മാറ്റാൻ ആ മനുഷ്യൻ കണ്ടുനിന്നവരോടെല്ലാം സഹായം തേടി. നഴ്സുമാർ, ആശുപത്രി ജീവനക്കാർ, മറ്റുരോഗികളുടെ കൂട്ടിരിപ്പുകാർ തുടങ്ങി എല്ലാവരോടും. എന്നാൽ, ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ, കണ്ണീരോടെ സ്വന്തം കരങ്ങളാൽ മൃതദേഹം വാരിയെടുത്ത് ആംബുലൻസിലേക്ക് കയറ്റി. ചുറ്റിലുമുള്ളവരെല്ലാം മൂകസാക്ഷിയായി ഈ കാഴ്ച കണ്ടുനിന്നു.
ഒഡിഷയിലെ ബാലകൃഷ്ണ കൻഹർ എന്ന നിസ്സഹായനായ മനുഷ്യനാണ് സഹജീവികളുടെ ക്രൂരമായ അവഗണന നേരിട്ടത്. അനീമിയ രോഗിയായ ഇദ്ദേഹത്തിന്‍റെ ഭാര്യ ഋതുമതി കൻഹറിനെ (40)ജൂൺ 29 നാണ് കാന്ധമാൽ ജില്ലയിലെ ഫുൽബാനി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ ഒന്നിന് നില വഷളായി വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് ഋതുമതി മരിച്ചു.
മൃതദേഹം ആംബുലൻസിലേക്ക് മാറ്റാൻ ആശുപത്രി ജീവനക്കാരെയും വാഹനഡ്രൈവറെയും കണ്ടുനിന്നവരെയുമെല്ലാം ബാലകൃഷ്ണ സമീപിച്ചെങ്കിലും എല്ലാവരും സഹായിക്കാൻ വിസമ്മതിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്നയാൾ ഇത് കാമറയിൽ പകർത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് ഒരു നഴ്‌സിനെയും ഒരു അറ്റൻഡറെയും ജില്ലാ ഭരണകൂടം സസ്‌പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.