പിഞ്ചുമകനെയും അയൽക്കാരിയെയും കുത്തിക്കൊന്നയാളെ നാട്ടുകാർ അടിച്ചുകൊന്നു
text_fieldsനബരംഗ്പൂർ: മദ്യപിച്ച് ഭാര്യയുമായി വഴക്കിട്ടയാൾ 2 വയസുള്ള മകനെയും തടയാനെത്തിയ അയൽക്കാരിയെയും കുത്തിക്കൊന്നു. വിവരമറിഞ്ഞ് കോപാകുലരായ നാട്ടുകാർ പ്രതിയെ അടിച്ചുകൊന്നു. ഒഡിഷയിലെ നബരംഗ്പൂർജില്ലയിൽ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് .
രാധേ സാന്ത(35)യാണ് മകൻ ബോബി(2)യെയും അയൽക്കാരി ജനേ സാന്ത(60)യെയും കുത്തിക്കൊന്നത്. സംഭവമറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം ഇയാളെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു.
രാധേ സാന്തയും ഭാര്യ മാലതിയും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെ മദ്യപിച്ച് വഴക്കിട്ട് മാലതിയെ കുത്താൻ ശ്രമിക്കവേ അവർ ഓടി രക്ഷപെട്ടു. കലിയടങ്ങാതെ രാധേ സാന്ത തന്റെ മകനെ കത്തി ഉപയോഗിച്ച് തുടരെ കുത്തി. കരച്ചിൽ കേട്ട് രക്ഷിക്കാൻ വന്നതായിരുന്നു അയൽക്കാരി ജനേ സാന്ത. ഇവരെയും പ്രതി കുത്തിപ്പരിക്കേൽപിച്ചു. കുത്തേറ്റ ഇരുവരും തൽക്ഷണം മരിച്ചതായി പാപദഹനി സബ് ഡിവിഷണൽ പൊലീസ് ഓഫിസർ ആദിത്യ സെൻ പറഞ്ഞു.
പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും രാധേ സന്തയെ നാട്ടുകാർ കീഴ്പ്പെടുത്തുകയും കൈകാലുകൾ ബന്ധിച്ച് മർദിച്ച് അവശനാക്കുകയും ചെയ്‌തിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ്ചെയ്ത ശേഷംകോരാപുട്ടിലെ എസ്.എൽ.എൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടത്തിന് അയച്ചതായും കുടുംബ കലഹമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും സബ് ഡിവിഷണൽ ആദിത്യ സെൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.