കടം വാങ്ങിയ 1500 രൂപ സമയത്ത് തിരിച്ചുകൊടുത്തില്ല; യുവാവിനെ ബൈക്കിൽ കെട്ടി രണ്ട് കിലോമീറ്റർ വലിച്ചിഴച്ചു
text_fieldsകട്ടക്ക്: കടം വാങ്ങിയ പണം പറഞ്ഞ സമയത്ത് തിരിച്ചുകൊടുക്കാത്തതിന് യുവാവിനെ ബൈക്കിൽ കെട്ടി തിരക്കേറിയ നഗത്തിലൂടെ രണ്ട് കിലോമീറ്റർ വലിച്ചിഴച്ചു. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം. ജഗന്നാഥ് ബെഹറയെന്ന 22കാരനെയാണ് ബൈക്കിൽ കെട്ടി വലിച്ചത്. രണ്ട് പേരാണ് സംഭവത്തിലെ പ്രതികൾ.
കടം വാങ്ങിയ 1500 രൂപ സമയത്തിന് തിരിച്ചുകൊടുക്കാത്തതിനാണ് പ്രതികൾ യുവാവിന് ഇത്തരത്തിലൊരു ശിക്ഷ വിധിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ അന്യായമായി തടവിൽ വെക്കുക, തട്ടിക്കൊണ്ടുപോവുക, കൊലപാതക ശ്രമം എന്നിവക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ടെന്ന് കട്ടക് സിറ്റി ഡെപ്യൂട്ടി കമീഷണർ പിനാക് മിശ്ര പറഞ്ഞു.
12 അടി നീളമുള്ള കയറുകൊണ്ട് ജഗന്നാഥ് ബെഹറയുടെ കൈകൾ ബൈക്കിൽ കെട്ടിയിടുകയായിരുന്നു. സ്റ്റോർട്പട്ന ചത്വരം മുതൽ സുതഹട് ചത്വരം വരെ രണ്ടു കിലോമീറ്ററിലേറെ ദൂരം യുവാവിനെയും കൊണ്ട് ബൈക്ക് ഓടിച്ചു. 20 മിനുട്ടോളം യുവാവ് ബൈക്കിനു പിറകിൽ റോഡിലൂടെ ഓടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സുതാഹട് ചത്വരത്തിൽ ചില പ്രദേശവാസികൾ ഇടപെട്ടാണ് യുവാവിനെ ബൈക്കിൽ നിന്ന് കെട്ടഴിച്ച് വിട്ടത്.
മുത്തച്ഛന്റെ അന്ത്യകർമങ്ങൾ നിർവ്വഹിക്കാനാണ് പ്രതികളിലൊരാളിൽ നിന്ന് യുവാവ് 1500 രൂപ കഴിഞ്ഞ മാസം കടം വാങ്ങിയത്. 30 ദിവസത്തിനുള്ളിൽ തിരിച്ചുകൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും യുവാവിന് പണം തിരിച്ചുകൊടുക്കാനായില്ല. ഇതാണ് പ്രാകൃത ശിക്ഷയിലേക്ക് നയിച്ചത്. സംഭവത്തെ കുറിച്ച് ബെഹറ പൊലീസിൽ അറിയിച്ചശേഷമാണ് പ്രതികളെ പിടികൂടിയത്. യുവാവിനെ വലിച്ചിഴക്കാൻ ഉപയോഗിച്ച ബൈക്കും കെട്ടാനുപയോഗിച്ച കയറും പൊലീസ് പിടിച്ചെടുത്തു.
ഈ പരിധിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ സംഭവത്തിൽ ഇടപെടാതിരുന്നതിനെയും പൊലീസ് ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.