ഫീസ് നൽകാൻ പണമില്ല; തൊഴിലുറപ്പ് ജോലിക്കിറങ്ങി ദലിത് വിദ്യാർഥികൾ
text_fieldsഭുവനേശ്വർ: ഫീസ് നൽകാൻ പണമില്ലാത്തതിനെ തുടർന്ന് തൊഴിലുറപ്പ് ജോലിക്കിറങ്ങി ഒഡീഷയിലെ ദലിത് പെൺകുട്ടികൾ. പുരി ജില്ലയിലെ ചായിൻപൂർ പഞ്ചായത്തിലെ ഗോർദിപിദ ഗ്രാമത്തിലെ സഹോദരങ്ങളായ പെൺകുട്ടികളാണ് തൊഴിലുറപ്പ് ജോലിക്കിറങ്ങിയത്. റോസി ബെഹ്റയും രണ്ട് സഹോദരിമാരുമാണ് ഫീസ് നൽകാനായി തൊഴിലുറപ്പ് ജോലി ചെയ്യാൻ തീരുമാനിച്ചത്.
2019ൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിയിരുന്നതായി റോസി ബെഹ്റ പറഞ്ഞു. എന്നാൽ, ബി.ടെകിന് പ്രവേശനം നേടാൻ പണമുണ്ടായിരുന്നില്ല. ഡിപ്ലോമ ഫീസിന്‍റെ ബാക്കിയായ 24,000 രൂപയും നൽകാനുണ്ടായിരുന്നു. പിന്നീട് സർക്കാർ സ്കോളർഷിപ്പിന്റെ സഹായത്തോടെ ബി.ടെക് പ്രവേശനം നേടി. എങ്കിലും ഹോസ്റ്റൽ ഫീസടക്കാൻ പൈസയുണ്ടായിരുന്നില്ല. ഇതോടെയാണ് ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരേയും കൂട്ടി തൊഴിലുറപ്പ് ജോലിക്ക് ഇറങ്ങേണ്ടി വന്നത്.
തൊഴിലുറപ്പ് ജോലിയിൽ നിന്ന് ലഭിക്കുന്ന കൂലി ഉപയോഗിച്ച് കുറച്ചെങ്കിലും ഫീസ് അടച്ചു തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റോസി ബെഹ്റ പറഞ്ഞു. ഇവരുടെ കുടുംബത്തിന് സ്വന്തമായി വീടോ കൃഷിഭൂമിയോ ഇല്ല. മൂന്ന് മാസത്തേക്കെങ്കിലും തൊഴിലുറപ്പ് ജോലി തുടരേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പെൺകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.