വീണ്ടും നുണ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ‘ഒളിവിലായ മുസ്‍ലിം സ്റ്റേഷൻ മാസ്റ്റർ’ മദ്റസയിൽനിന്ന് പിടിയിലായെന്ന് പ്രചാരണം
text_fieldsഭുവനേശ്വർ: മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ബാലസോർ ട്രെയിൻ ദുരന്തത്തിൽ വീണ്ടും നുണ പ്രചരിപ്പിച്ച് സംഘ്പരിവാർ അനുകൂല ഹിന്ദുത്വ ഓൺലൈൻ അക്കൗണ്ടുകൾ. ‘അപകടക്കേസിലെ മുഖ്യപ്രതിയും ബഹനാഗ സ്റ്റേഷൻ മാസ്റ്ററുമായ മുഹമ്മദ് ഷെരീഫിനെ പശ്ചിമ ബംഗാളിലെ ഒരു മദ്സയിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടി’ എന്നാണ് പുതിയ പ്രചരണം.
നഗ്നനായ ഒരാളെ കൈകൾ പിന്നിലേക്കാക്കി കൈവിലങ്ങിട്ട് വലിയ മരത്തടി കൊണ്ട് മർദിക്കുന്ന വീഡിയോയും ഇതിന്റെ കൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതാണ് ‘സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്’ എന്നാണ് പറയുന്നത്. ഷരീഫ് പശ്ചിമ ബംഗാളിലെ മദ്റസയിൽ ഒളിച്ചിരിക്കുകയായിരുന്നെന്നും അവിടെനിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തതെന്നും ഇവർ അവകാശപ്പെട്ടു. ട്വിറ്ററിലും ഫേസ്ബുക്കിലും പ്രസ്തുത വിഡിയോ വൈറലാണ്.
കള്ളം, പച്ചക്കള്ളം
വിഡിയോയെ കുറിച്ച് വസ്തുതാന്വേഷണ പോർട്ടലായ ‘ആൾട്ട് ന്യൂസ്’ നടത്തിയ അന്വേഷണത്തിൽ ഇത് സർവത്ര വ്യാജമാണെന്ന് കണ്ടെത്തി. ഒന്നാമതായി, ബഹനാഗ റെയിൽവെ സ്റ്റേഷനിൽ മുഹമ്മദ് ഷെരീഫ് എന്ന പേരിൽ ഒരാൾ ജോലി ചെയ്യുന്നില്ല. രണ്ടാമതായി ഈ വിഡിയോയിൽ ഒരാൾ അടി എണ്ണുന്നത് കേൾക്കാം. സ്പാനിഷ് ഭാഷയിൽ "...അഞ്ച്, നാല്, മൂന്ന്..." എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിലല്ല ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വീഡിയോയുടെ കീ-ഫ്രെയിം റിവേഴ്സ് ഇമേജ് തിരയലിൽ വൈറലായ വീഡിയോയുടെ നിരവധി ദൃശ്യങ്ങൾ ആൾട്ട് ന്യൂസ് കണ്ടെത്തി. രണ്ട് വർഷം മുമ്പ് അപ്‌ലോഡ് ചെയ്‌തതാണ് ഈ സംഭവം. ഇതിന്റെ മുഴുസമയ വിഡിയോയിൽ കൈ വിലങ്ങുവെച്ച മനുഷ്യനും മുറിയിൽ ഉണ്ടായിരുന്ന മറ്റുള്ളവരും തമ്മിൽ സ്പാനിഷിൽ ഭാഷയിൽ സംസാരിക്കുന്നതും കേൾക്കാം. മോഷണത്തിന്റെ പേരിൽ പിടിയിലായ ആളെയാണ് തുണിയുരിഞ്ഞ് മർദിക്കുന്നതെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. സംഭവത്തിന് ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധമില്ലെന്നത് പകൽ പോലെ വ്യക്തം.
ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ സ്‌റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ് അപകടത്തിന് ശേഷം ഒളിവിലാണെന്ന തരത്തിൽ നേരത്തെയും വയാജവാർത്ത വൈറലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ എസ്ബി മൊഹന്തി അപകടശേഷം ഒളിവിൽപോയി എന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, ഇയാൾ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിച്ചതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. മുഹമ്മദ് ഷരീഫ് എന്ന പേരിൽ സംഘ്പരിവാറുകാർ പ്രചരിപ്പിച്ച ചിത്രം 2004 മാർച്ചിൽ ഒരു ബ്ലോഗിൽ വന്ന മറ്റൊരാളുടെ ചിത്രമാണെന്നും കണ്ടെത്തിയിരുന്നു. ബോറ ഗുഹാലു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടെ ചിത്രമാണ് ഇത്.
ബഹനാഗ റെയിൽവേ ജീവനക്കാരിൽ ചിലർ ഒളിവിലാണെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാജമാണെന്നും എല്ലാ ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ആദിത്യ ചൗധരി തന്നെ രംഗത്തെത്തിയിരുന്നു.
ഇത് നാലാമത്തെ വ്യാജപ്രചാരണം
ജൂൺ രണ്ടിനാണ് ഒഡീഷയിലെ ബാലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 300 ഓളം പേർ മരിക്കുകയും 800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ചെന്നൈയിലേക്കുള്ള ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, ഗുഡ്സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽപെട്ടത്. സൗത്ത് ഈസ്റ്റേൺ റെയിൽവേ സോണിലെ ഖരഗ്പൂർ റെയിൽവേ ഡിവിഷനു കീഴിലുള്ള ഖരഗ്പൂർ-പുരി പാതയിൽ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. ഇതിന് പിന്നാലെ നാല് വൻ കള്ളങ്ങളാണ് മുസ്‍ലിംകളെ കരുവാക്കി സർക്കാർ അനുകൂലികൾ പ്രചരിപ്പിച്ചത്.
കള്ളം ഒന്ന്: ‘സമീപത്ത് മുസ്‍ലിം പള്ളിയുണ്ട്, അപകടം സംശയാസ്പദം’
അപകടം നടന്ന സ്ഥലത്തിനടുത്ത് മുസ്‍ലിം പള്ളിയുണ്ടെന്നും വെള്ളിയാഴ്ച അപകടം നടന്നത് ദുരൂഹമാണെന്നുമാണ് ആദ്യം പ്രചരിപ്പിച്ചത്. അപകടം നടന്ന ട്രാക്കിന് സമീപമുള്ള വെള്ളനിറത്തിലുള്ള കെട്ടിടത്തിന് നേരെ ആരോ മാർക്ക് നൽകിയ ഫോട്ടോ സഹിതമായിരുന്നു പ്രചാരണം. എന്നാൽ, അത് പള്ളിയല്ലെന്നും ഇസ്കോൺ ക്ഷേത്രമാണെന്നും പിന്നീട് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് തെളിയിച്ചു.
കള്ളം രണ്ട്: ‘സ്റ്റേഷൻ മാസ്റ്റർ ‘ഷരീഫ്’ ഒളിവിൽ’
മുസ്‍ലിം പള്ളി എന്ന കള്ളം പൊളിഞ്ഞതോടെ അടുത്ത നുണയുമായി ഇവർ രംഗത്തെത്തി. ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായ ‘ഷരീഫ്’ അപകടത്തിന് പിന്നാലെ ഒളിവിലാണെന്നായിരുന്നു പുതിയ പ്രചാരണം. എന്നാൽ ഇങ്ങനെയൊരാൾ ആ സ്റ്റേഷനിൽ ജോലി ചെയ്യുന്നില്ലെന്ന് ആൾട്ട് ന്യൂസ് അന്വേഷണം നടത്തി വ്യക്തമാക്കി.
‘‘പേര് ഷെരീഫ്. പോസ്റ്റ് - സ്റ്റേഷൻ മാസ്റ്റർ. നിലവിൽ അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ഒളിവിലാണ്. ഇനി മുതൽ ജോലി നൽകുന്നതിന് മുമ്പ് പേര് പരിശോധിക്കേണ്ടതുണ്ട്’’ -എന്നായിരുന്നു ട്വിറ്റർ ബ്ലൂ ടിക്ക് വെരിഫിക്കേഷനുള്ള രാഷ്ട്രവാദി ഹിന്ദു മഹാസഭ തലവനായ വിവേക് പാണ്ഡെ (@vivekpandeyvns_) എന്നയാളുടെ ട്വീറ്റ്. ബ്ലൂ ടിക്ക് വെരിഫിക്കേഷനുള്ള ബി.ജെ.പി ഖൈർ മണ്ഡലം ഐ.ടി സെൽ മേധാവിയായ മാനവ് എന്നയാളും ജൂൺ 4 ന് സമാനമായ പ്രചാരണം ട്വീറ്റ് ചെയ്തു. സ്റ്റേഷൻ മാസ്റ്ററെന്ന് കരുതപ്പെടുന്ന ‘ഷരീഫി’ന്റെ ചിത്രവും ചേർത്താണ് ഇയാളുടെ പോസ്റ്റ്: “അന്വേഷണത്തിന് ഉത്തരവിട്ട ശേഷം 'ഷരീഫ്' എന്ന സ്റ്റേഷൻ മാസ്റ്ററെ കാണാതായോ? ഇതാണ് ഈ സമൂഹത്തിന്റെ പ്രശ്നം. #BalasoreTrainAccident #TrainAccident.’’-എന്നായിരുന്നു ട്വീറ്റ്.
എന്നാൽ, ‘സ്റ്റേഷൻ മാസ്റ്റർ ഷരീഫ്’ എന്ന പ്രചാരണം ശ്രദ്ധയിൽപെട്ടതോടെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷൻ ജീവനക്കാരുടെ പേര് വിവരം ആൾട്ട് ന്യൂസ് ശേഖരിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ മുറിക്ക് പുറത്ത് തൂക്കിയിട്ട ജീവനക്കാരുടെ പേര് പ്രദർശിപ്പിക്കുന്ന ബോർഡിന്റെ ഫോട്ടോ അടക്കം ഇവർ പുറത്തുവിട്ടിരുന്നു. ഇതിൽ ഷരീഫ് എന്ന് ആരും ഉണ്ടായിരുന്നില്ല.
കള്ളം മൂന്ന്: മുസ്‍ലിമായ ജൂനിയർ എൻജിനീയർ ഒളിവിൽ
അമീർ ഖാൻ എന്ന് പേരുള്ള റെയിൽവെയിലെ മുസ്‍ലിമായ ജൂനിയർ എൻജിനീയർ അപകടത്തിന് ശേഷം ഒളിവിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് തീവ്ര വലതുപക്ഷ പ്രചാരകരും സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും പ്രചരിപ്പിച്ചത്. എന്നാൽ, ഇത് നുണയാണെന്നും ജീവനക്കാരെല്ലാം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു.
‘ബഹനാഗ റെയിൽവെ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഒളിവിലാണെന്നും കാണാതായെന്നും ചില മാധ്യമ റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് വസ്തുതാപരമായി തെറ്റാണ്. മുഴുവൻ ജീവനക്കാരും ഹാജരുണ്ട്, അന്വേഷണത്തിന്റെ ഭാഗമായി അവർ ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നുമുണ്ട്’ -സൗത്ത് ഈസ്റ്റേൺ റെയിൽവേ സി.പി.ആർ.ഒ ആദിത്യ കുമാർ ചൗധരി എ.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ വിഡിയോയിൽ പറഞ്ഞു.
ഇതിന് പുറമെയാണ് ഇപ്പോൾ പ്രതിയെ മദ്റസയിൽനിന്ന് പിടികൂടിയെന്ന തരത്തിൽ അടുത്ത കള്ളവും പ്രചരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.