ട്രെയിൻ ദുരന്തം: കൂട്ടിയിട്ട മൃതദേഹങ്ങളിൽ മകന്റെ കൈ അനങ്ങുന്നു; 230 കി.മീ താണ്ടിയെത്തിയ പിതാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsകൊൽക്കത്ത: മൃതദേഹങ്ങൾക്കിടയിൽ മരണത്തിന്റെ തണുപ്പറിഞ്ഞ് കിടന്ന മകന്റ ജീവന്റെ തുടിപ്പുകൾ വീണ്ടെടുക്കാൻ ദൈവദൂതനായി പറന്നെത്തി പിതാവ്. കോറമാണ്ഡൽ ട്രെയിൻ ദുരന്തത്തിൽ അധികൃതരുടെ കടുത്ത അനാസ്ഥയുടെ ജീവിക്കുന്ന ഉദാഹരണമായ ബിശ്വജിത്ത് മാലിക് എന്ന 24കാരനാണ് പിതാവിന്റെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.
മരിച്ചുവെന്ന് കണക്കാക്കി ബാലസോറിലെ ഹൈസ്കൂൾ മുറിയിൽ കൂട്ടിയിട്ട മൃതദേഹങ്ങൾക്കിടയിൽനിന്ന് സ്വന്തം പിതാവ് ഹേലാറാം മാലിക്കാണ് ഈ യുവാവിനെ ജീവനുണ്ടെന്ന് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വിധേയനായ ബിശ്വജിത്ത് അപകടനില തരണംചെയ്തിട്ടില്ല.
ഹൗറയിൽ കട നടത്തുകയാണ് ബിശ്വജിത്തിന്റെ പിതാവ് ഹേലാറാം. അപകടദിവസമായ വെള്ളിയാഴ്ച കോറമാണ്ഡൽ എക്സ്പ്രസിൽ യാത്രപോകാൻ ഇദ്ദേഹമാണ് മകനെ ഷാലിമാർ സ്റ്റേഷനിൽ കൊണ്ടുവിട്ടത്. മകൻ ട്രെയിൻ കയറി മണിക്കൂറുകൾക്കകം ദുരന്തവാർത്ത ഹേലാറാം അറിഞ്ഞു. ഉടൻ മകനെ ഫോൺവിളിച്ചു. മറുതലക്കൽ ഒരു ഞരക്കം മാത്രമായിരുന്നു ഉത്തരം. മകന് സാരമായി എന്തോ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല, ഉടൻ തന്നെ നാട്ടിലെ ആംബുലൻസ് ഡ്രൈവറായ പലാഷ് പണ്ഡിറ്റിനെ വിളിച്ചു. ഭാര്യാസഹോദരൻ ദീപക് ദാസിനെയും കൂട്ടി രാത്രി തന്നെ ബാലസോറിലേക്ക് പുറപ്പെട്ടു. 230 കിലോമീറ്ററിലധികം ആംബുലൻസിൽ യാത്ര ചെയ്ത് ബാലസോറിലെത്തിയ അദ്ദേഹം ആശുപത്രികളായ ആശുപത്രികളിലൊക്കെ മകനെ തിരഞ്ഞ് കയറിയിറങ്ങി. നിരാശയായിരുന്നു ഫലം. എവിടെയും മകനെ കണ്ടെത്താനായില്ല. അവൻൻ മരിച്ചെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന്റെ മനസ്സ് സമ്മതിച്ചിരുന്നില്ല.
“ഞങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. പരിക്കേറ്റവരെയും മരിച്ചവരെയും പ്രവേശിപ്പിച്ച മറ്റുള്ള സ്ഥലങ്ങൾ എവിടെയാണെന്ന് ആളുകളോട് തിരക്കി. ആശുപത്രിയിൽ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, മൃതദേഹങ്ങൾ കൂട്ടിയിട്ട ബഹനാഗ ഹൈസ്കൂളിൽ പോയി നോക്കാൻ ഒരാൾ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പോയി നോക്കാൻ തന്നെ തീരുമാനിച്ചു..." -ഹേലാറാമിനൊപ്പം ഉണ്ടായിരുന്ന ബിശ്വജിത്തിന്റെ അമ്മാവൻ ദീപക് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
‘താൽക്കാലിക മോർച്ചറിയിൽ നിരവധി മൃതദേഹങ്ങൾ കിടത്തിയത് കണ്ടു. എന്നാൽ, അവ പരിശോധിക്കാൻ അവിടെ ഉണ്ടായിരുന്നവർ ഞങ്ങളെ അനുവദിച്ചില്ല. കുറച്ച് കഴിഞ്ഞ്, മൃതദേഹങ്ങളിൽ ഒന്നിന്റെ വലതു കൈ വിറയ്ക്കുന്നത് ആരോ പറഞ്ഞു. ഇതേ തുടർന്ന് അവിടെ ബഹളം ഉടലെടുത്തു. അവിടെയുണ്ടായിരുന്ന ഞങ്ങൾ നോക്കിയപ്പോൾ പരിക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുന്ന ബിശ്വജിത്തിന്റെതാണ് ഈ കൈ എന്ന് തിരിച്ചറിഞ്ഞു. ഉടൻ തന്നെ ഞങ്ങൾ കൊണ്ടുവന്ന ആംബുലൻസിൽ അവനെ കയറ്റി ബാലസോർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ചില കുത്തിവയ്പുകൾ നൽകി, സ്ഥിതി ഗുരുതരമായതിനാൽ കട്ടക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഞങ്ങൾ അതിന് സമ്മതിച്ചില്ല. മികച്ച ചികിത്സക്ക് വേണ്ടി ഞങ്ങളുടെ സ്വന്തംറിസ്കിൽ ബോണ്ടിൽ ഒപ്പിട്ട് അവനെ ഡിസ്ചാർജ് ചെയ്തു’ -അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് കൊൽക്കത്ത എസ്.എസ്.കെ.എം ആശുപത്രിയിലെ ട്രോമ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. അവിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബിശ്വജിത്തിന് ഇന്ന് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തും. ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
തങ്ങൾ കൊൽക്കത്തയിലേക്ക് തിരിച്ചുപോകുമ്പോൾ ബിശ്വജിത്ത് അബോധാവസ്ഥയിലായിരുന്നുവെന്ന് ഹേലാറാം മാലിക്കിനൊപ്പം ഒഡീഷയിലെത്തിയ ആംബുലൻസ് ഡ്രൈവർ പലാഷ് പണ്ഡിറ്റ് പറഞ്ഞു. ‘ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്ത ബിശ്വജിത്തിന് ഞായറാഴ്ച കണങ്കാലിന് ശസ്ത്രക്രിയ നടത്തി. തിങ്കളാഴ്ച കാലിൽ വീണ്ടും ശസ്ത്രക്രിയ നടത്തും. അവന്റെ വലതു കൈക്ക് ഒന്നിലധികം ഒടിവുകൾ ഉണ്ട്’ -അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരുടെ എണ്ണക്കൂടുതലും തിരക്കും കാരണം സൂക്ഷ്മമായി പരിശോധിക്കാൻ ഡോക്ടർമാർക്ക് സമയം ലഭിക്കാത്തതാവാം ബിശ്വജിത്തിന്റെ കാര്യത്തിൽ സംഭവിച്ചതെന്ന് ബങ്കുര സമ്മിലാനി മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിൻ ഹെഡ് പ്രഫസർ സോമനാഥ് ദാസ് പറഞ്ഞു. ‘ആരോഗ്യപ്രവർത്തകരല്ലാത്തവരാണ് രക്ഷാപ്രവർത്തകരിൽ ഏറിയ പങ്കും. പരിക്കേറ്റയാൾ അബോധാവസ്ഥയിലായപ്പോൾ അവർ മരിച്ചതായി തെറ്റിദ്ധരിച്ചതാവും’ -അധികൃതർ പറഞ്ഞു.
രാജ്യംമുഴുവൻ വിറങ്ങലിച്ച ദുരന്തമുഖത്ത് സർക്കാർ കാണിച്ച അലംഭാവത്തിന്റെ ഉദാഹരണമാണ് ജീവനുള്ളയാളെ മരിച്ചതായി കണക്കാക്കി മൃതദേഹങ്ങളോടൊപ്പം കൂട്ടിയിട്ടതെന്ന് പ്രമുഖർ കുറ്റപ്പെടുത്തി. മകനെ തേടി ആംബുലൻസുമായി കുതിച്ചുപായാൻ ഹേലാറാം മനോധൈര്യം കാണിച്ചിരുന്നില്ലെങ്കിൽ ബഹനാഗ ഹൈസ്കൂളിലെ മരണമുറിയിൽ കിടന്ന് ബിശ്വജിത്തും അന്ത്യശ്വാസം വലിച്ചേനേ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.