ഒഡിഷ തീവണ്ടി ദുരന്തം: മരണം 278, ഉറ്റവരെ കാത്ത് അധികൃതർ, മുറിവോ ചതവുകളോ ഇല്ലാതെ മൃതദേഹങ്ങൾ ഏറെ...
text_fieldsഭുവനേശ്വർ: ഒഡിഷയിൽ 278 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന് നാല് ദിവസമാകുമ്പോഴേക്കും മൃതദേഹങ്ങൾ അഴുകിത്തുടങ്ങി. ബാലസോറിൽ അപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള സ്കൂളിലാണ് മൃതദേഹങ്ങൾ നിരത്തിയിട്ടിരിക്കുന്നത്. ഫ്രീസർ സൗകര്യങ്ങളൊന്നുമില്ലാതെ ചൂടുകൂടിയ കാലാവസ്ഥയിൽ കഴിയുന്ന മൃതദേഹങ്ങൾ അതിവേഗമാണ് അഴുകുന്നതെന്ന് അധികൃതർ പറയുന്നു. ഇതിനിടെ, നാൽപതോളം പേരുടെ മരണത്തിന് കാരണം വൈദ്യുതാഘാതമേറ്റതാകാമെന്ന് റിപ്പോർട്ട്. അപകടത്തിൽപെട്ട കോറമണ്ഡൽ എക്സ്പ്രസിൽ നിന്ന് ലഭിച്ച 40 പേരുടെ മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകളൊന്നും ഇല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാളം തെറ്റിയ കോറമണ്ഡൽ എക്സ്പ്രസിലെ ബോഗികളിൽ ഇടിച്ച് ശ്വന്തപുര്‍- ഹൗറ എക്‌സ്പ്രസും മറിഞ്ഞിരുന്നു. ഈ സമയത്ത് വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാകാം 40 പേരുടെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിരവധി പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു. എന്നാൽ, 40 പേരുടെ മൃതദേഹം കണ്ടെടുത്തപ്പോൾ ശരീരത്തിൽ മുറിവുകളോ ചോര പൊടിയുന്നതായോ കണ്ടെത്താൻ സാധിച്ചിരുന്നില്ല. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
ട്രെയിന് മുകളിലുള്ള വൈദ്യുതി കമ്പിയിൽ നിന്ന് ബോഗിയിലേക്ക് വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇനിയും ഉറ്റവരെ കാത്ത് മൃതദേഹങ്ങൾ കിടക്കുകയാണ്. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങാൻ റെയിൽവേ അഭ്യർഥിച്ചിരിക്കുകയാണ്. ഇതിനായി ഒഡിഷ സർക്കാരിന്റെ പിന്തുണയോടെ, മൃതദേഹങ്ങളുടെ ചിത്രം കാണാവുന്ന വെബ്‌സൈറ്റ് ലിങ്കുകൾ സഹിതമാണ് റെയിൽവേ രംഗത്ത് വന്നത്.
കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുഴുവൻസമയവും ബന്ധപ്പെടാൻ 139 എന്ന ഹെൽപ് ലൈനിൽ വിളിക്കാം. ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്റെ ഹെൽപ് ലൈനിലും (18003450061/1929) ബന്ധപ്പെടാം. ഇതിനുപുറമെ, ഭുവനേശ്വർ മുനിസിപ്പൽ കമ്മിഷണർ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഉറ്റവർക്ക് അവിടെയെത്തിയാൽ ബന്ധപ്പെട്ട ആശുപത്രികളിലേക്കും മോർച്ചറിയിലേക്കും വാഹനസൗകര്യം ഒരുക്കിയിരിക്കയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.